തൃശൂർ: കഞ്ചാവു കുടിപ്പകയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ റിമാൻഡിൽ. രണ്ടുപേരെ പിടികൂടാനുണ്ട്. ഇവർ ഒളിവിലാണ്. ചൊവ്വൂർ മാളിയേക്കൽ വീട്ടിൽ ഡയമണ്ട് എന്നു വിളിക്കുന്ന മിജോ(25), അനുജൻ ജിനു( 23), വരടിയം സ്വദേശികളായ തുഞ്ചൻനഗർ ചിറയത്ത് വീട്ടിൽ സിജോ ജെയിംസ്(31), ചാക്കേരി വീട്ടിൽ പൂച്ച എന്നു വിളിക്കുന്ന അഖിൽ(23) എന്നിവരാണ് പിടിയിലായത്. ഒളിവിൽപോയവരെ ഉടൻ പിടികൂടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പറഞ്ഞു.
വോട്ടെടുപ്പുദിവസമായ ബുധനാഴ്ച അർധരാത്രിയോടെ വരടിയം പാറപ്പുറത്തുവച്ചാണ് രണ്ടു യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടത്. പിക്കപ്പ് വാൻ കൊണ്ട് ക്രിസ്റ്റോ, ശ്യാം എന്നിവർ യാത്ര ചെയ്തിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം റോഡിലേക്കു തെറിച്ചുവീണ ഇവരെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു സ്കൂട്ടറിൽ പോയിരുന്ന ഇവരുടെ സുഹൃത്തുക്കളായ പ്രസാദ്, രാജേഷ് എന്നിവരെയും പിൻതുടർന്ന് ഇടിച്ചുവീഴ്ത്തിയിരുന്നു. പ്രതികൾ ഇവരെയും വകവരുത്താൻ ഇറങ്ങിയെങ്കിലും മറ്റൊരു വാഹനത്തിന്റെ ലൈറ്റ് കണ്ടതിനെതുടർന്ന് രക്ഷപ്പെടുകയായിരുന്നു. രാജേഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
കഞ്ചാവുവില്പനയെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെയും കുടിപ്പകയുടെയും തുടർച്ചയായാണ് ഇരുസംഘങ്ങൾ തമ്മിൽ സംഘർഷവും തുടർന്ന് കൊലപാതകവുമുണ്ടായത്. ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്നു കേസുകളിൽ പ്രതികളാണ് ഇവർ. കോഴിക്കോട് സ്വർണം തട്ടിയെടുത്ത കേസിലും, തമിഴ്നാട്ടിൽ വാഹനം പരിശോധിക്കാനെത്തിയ പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ട കേസിലും, കഞ്ചാവ്, മയക്കുമരുന്നുകടത്ത് കേസുകളിലും, പേരാമംഗലം സ്റ്റേഷനിൽ രണ്ടു വധശ്രമ കേസുകളിലും ഇവർ പ്രതികളാണ്.
കൊല്ലപ്പെട്ട ഇരുവരും, പരിക്കേറ്റു ചികിത്സയിലുള്ളവരും മയക്കുമരുന്ന്, കഞ്ചാവു കടത്ത് കേസുകളിൽ പ്രതികളാണ്. കൊലപാതകത്തെതുടർന്ന് ഒളിവിൽ പോയ പ്രതികളെ തേടി പീച്ചി വനപ്രദേശത്തും ഒട്ടേറെ കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിന്റ രണ്ടാമത്തെ ദിവസംതന്നെ പ്രതികളെ വലയിലാക്കാൻ പോലീസിനു കഴിഞ്ഞു.
വെട്ടാനുപയോഗിച്ച ആയുധങ്ങൾ മുക്കാട്ടുകരയിലെ ഒഴിഞ്ഞ പറന്പിൽനിന്നും കണ്ടെടുത്തു. ഇടിച്ചുവീഴ്ത്താനുപയോഗിച്ച പിക്കപ്പ് വാഹനം ഒളിപ്പിച്ചനിലയിൽ ചേറൂരിലെ അടിയാറ എന്ന സ്ഥലത്തുനിന്നാണ് പിടിച്ചെടുത്തത്.സംഘത്തിലെ മറ്റുള്ളവരെയും സഹായികളേയും പോലീസ് അന്വേഷിച്ചുവരികയാണ്. സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.