തൃശൂർ: വിവാഹവാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ ഡിവൈഎഫ്ഐ ജില്ലാ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു.
അരിന്പുർ സ്വദേശിയായ യുവതിയുടെ പരാതിയിൽ സിപിഎം മണലൂർ മുൻ ലോക്കൽ സെക്രട്ടറിയും മുൻ ഏരിയാ കമ്മിറ്റിയംഗവും മണലൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ.ആർ. പ്രവീലിനെതിരേയാണു പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി 2015 മുതൽ 2017 വരെയുള്ള കാലയളവിൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതി പോലീസിനു മൊഴി നല്കിയിട്ടുള്ളത്.
പ്രവീൽ മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഏതാനും മാസം മുന്പ് പാർട്ടി ഇടപെട്ട് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും വനിതാനേതാവ് വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. പ്രവീലിനെതിരെ ആരോപണം ഉയർന്നതോടെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും ഇയാളെ ഒഴിവാക്കിയിരുന്നു.