തൃശൂർ: അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 76,811 പുതിയ വോട്ടർമാർ.38,272 പുരുഷ വോട്ടർമാർ, 38,534 സ്ത്രീ വോട്ടർമാർ, അഞ്ച് ഭിന്നലിംഗക്കാർ എന്നിങ്ങനെയാണ് പുതിയ വോട്ടർമാരുടെ കണക്ക്. ജനുവരി 30ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഇത്രയും പേർ പേര് ചേർത്തത്. പുതുക്കിയ ലിസ്റ്റ് പ്രകാരം ജില്ലയിൽ ആകെ 24,36,393 വോട്ടർമാരാണുള്ളത്. ഇതിൽ 12,65,356 പേർ പുരുഷന്മാരും 11,71,011 പേർ സ്ത്രീകളുമാണ്. 26 ഭിന്നലിംഗ വോട്ടർമാരും ജില്ലയിലുണ്ട്.
18 നും 19 നും ഇടയിൽ പ്രായമുള്ള 50,628 പേരാണ് വോട്ടർപട്ടികയിൽ പുതുതായി ഇടം നേടിയത്. മൂന്നാം ലിംഗക്കാരിൽ നിന്ന് ഒരു പ്രവാസിയും വോട്ടർ പട്ടികയിലുണ്ട്. നൂറു വയസിനു മുകളിൽ പ്രായമുള്ള 70 പേരാണ് വോട്ടർപട്ടികയിലുള്ളത്. 29 പുരുഷന്മാരും 41 സ്ത്രീകളുമാണ് ഇവർ. 1646 സർവീസ് വോട്ടർമാരും ജില്ലയിലുണ്ട്.
ആലത്തൂർ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുളളത് വടക്കാഞ്ചേരിയിലാണ്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മണലൂർ നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 2,05,470 പേർ.