സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ ഉയരംകൂടിയ പല കെട്ടിടങ്ങളിലും അഗ്നിബാധയുണ്ടായാൽ തീകെടുത്താനുള്ള സൗകര്യങ്ങളില്ല. അത്യാഹിതങ്ങളുണ്ടായാൽ വൻദുരന്തങ്ങളുണ്ടാകാനുള്ള സാധ്യതയാണ് പല ബഹുനിലകെട്ടിടങ്ങളിലുമുള്ളത്. ജില്ല ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ കെ.എം.അഷറഫലിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഫയർ സ്റ്റേഷൻ ഓഫീസുകളുടെ പരിധിയിയിലുള്ള ഉയരം കൂടിയ കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പലയിടത്തും അഗ്നിസുരക്ഷസംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയത്.
ഈ സംവിധാനം ഏർപ്പെടുത്താൻ ഓപ്പറേഷൻ അഗ്നി സുരക്ഷ പദ്ധതി കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലാണ് ജില്ലാ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ കെ.എം. അഷറഫലിയുടെ നേതൃത്വത്തിൽ വിവിധ കെട്ടിടങ്ങളിൽ പരിശോധന നടത്തിയത്.
പല കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ കേടുവന്ന നിലയിലാണ്. ഫയർസേഫ്റ്റി ഉപകരണങ്ങളുടെ പന്പുകൾ പ്രവർത്തന ക്ഷമമല്ലാത്തവയും വാൽവുകൾ ലീക്കുള്ളവയുമാണെന്നും കണ്ടെത്തി. ഫയർ എസ്കേപ്പ് ഏരിയകൾ പലയിടത്തും അടച്ച നിലയിലാണ്.
കേടുവന്ന ഫർണീച്ചറുകളും മറ്റും കൊണ്ടുവന്ന് തള്ളിയനിലയിലാണ് പല ഫയർ എസ്കേപ്പ് ഏരിയകളും. അഗ്നിബാധയുണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗങ്ങളായ ഫയർ എസ്കേപ്പുകളുടെ വഴിയടക്കുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതലും ഫ്ളാറ്റ് സമുച്ചയങ്ങളിലാണ് ഇത്തരം പ്രശ്നങ്ങളുള്ളത്.
പല കെട്ടിടങ്ങളും ജില്ലയിൽ ഫയർഫോഴ്സിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ചതായി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ വാഹനം ചെന്നെത്താനുള്ള വഴിപോലും പല കെട്ടിടങ്ങൾക്കുമില്ലെന്ന് കണ്ടെത്തിയിരുന്നു.
തീ കെടുത്താൻ വെള്ളം സംഭരിച്ചു വെക്കേണ്ട സ്ഥാപനങ്ങളിലെ ടാങ്കിൽ വെള്ളംപോലുമില്ലാത്ത സ്ഥിതിയാണ്. അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ അടിയന്തിരമായി സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾ കർശനമാക്കാൻ അതാത് തദ്ദേശഭരണസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.