തൃശൂർ: ഇന്ത്യൻ കോഫി ഹൗസിൽ കണ്ണൂരിലുള്ളതിലും കൂടുതൽ വിലയാണ് തൃശൂർ സംഘത്തിലെ കോഫി ഹൗസുകളിൽ ഈടാക്കുന്നതെന്നു സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി ചെയർമാൻ കെ.രാജൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂരിൽ ഭക്ഷണ സാധനങ്ങൾക്കു കുറവ് വില വാങ്ങിയിട്ടും കൂടുതൽ ലാഭമുണ്ടാക്കുന്പോൾ തൃശൂർ സംഘത്തിൽ കൂടുതൽ വില നൽകിയിട്ടും ഒട്ടുമിക്ക കോഫി ഹൗസുകളും നഷ്ടത്തിലാണെന്നാണ് കണക്കുകൾ.
കണ്ണൂർ സംഘത്തിൽ 22 കോഫി ഹൗസുകൾ ഉള്ളതിൽ 20 എണ്ണവും ലാഭത്തിൽ പ്രവർത്തിക്കുന്പോൾ തൃശൂർ സംഘത്തിനു കീഴിലുള്ള 54 കോഫി ഹൗസുകളിൽ 38 എണ്ണവും നഷ്ടത്തിലാണെന്ന് എംഎൽഎ പറഞ്ഞു. കണ്ണൂർ സംഘത്തിനു കീഴിലുള്ള കോഫി ഹൗസുകളിൽ മസാലദോശയ്ക്ക് 35, ഉൗണിന് 40, ചായ ഏഴ്, കാപ്പി എട്ട് എന്നിങ്ങനെയാണ് വിലനിലവാരം. എന്നാൽ തൃശൂർ സംഘത്തിനു കീഴിലുള്ള കോഫി ഹൗസുകളിൽ മസാലദോശ-44, ഉൗണ് -55, ചായ -ഒന്‍പത്, കാപ്പി -പത്ത് എന്നിങ്ങനെയാണ് വാങ്ങുന്നത്.
കണ്ണൂർ സംഘം 2015-16 വർഷത്തിൽ മൊത്തം 53 കോടി രൂപ വരവും മൂന്നു കോടി ലാഭവുമുണ്ടാക്കി. തൃശൂർ സംഘം ഇതേ കാലയളവിൽ മൊത്തം 121 കോടി വിറ്റുവരവുണ്ടാക്കിയപ്പോൾ 34 ലക്ഷം രൂപ മാത്രമാണ് ലാഭമായി നേടിയത്.
ഇന്ത്യൻ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം ബോർഡിന്റെ കാലാവധി അഞ്ചു വർഷമാണെന്ന വാദം ശരിയല്ലെന്നും ഇതു സംബന്ധിച്ച് ജനറൽ ബോഡി തീരുമാനിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
കോഫി ഹൗസിന്റെ ഇത്തരം പ്രവർത്തനങ്ങൾ മൂലം സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കയാണെന്നു ജനറൽ കണ്‍വീനർ കെ.എഫ്.ഡേവിസ് പറഞ്ഞു. ഈ മാസം 19നാണ് തെരഞ്ഞെടുപ്പ്. സഹകരണ മുന്നണിയുടെ കെ.എൻ.ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സി.കെ.രാജേഷ്, ടി.പി.പ്രവീണ്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.