അനില് തോമസ്
തൃശൂർ: ഗർജനവും മുരൾച്ചയും കൊണ്ടു കാഴ്ചക്കാരെ ഭയപ്പെടുത്തിയിരുന്ന ഒരു പ്രതാപകാലമുണ്ടായിരുന്നു തൃശൂർ മൃഗശാലയിലെ വന്യമൃഗങ്ങൾക്ക്.
ഇന്നവർ ക്ഷീണിതരും ദുർബലരുമാണ്. ആയുസിന്റെ അവസാനകാലത്ത് എത്തിനിൽക്കുന്ന ഇവയുടെ ഗർജനം ദീനരോദനമായി. മുരൾച്ച ദയനീയ ശബ്ദവും…
തൃശൂർ മൃഗശാലയിലെ സിംഹത്തിനും കടുവയ്ക്കും പുള്ളിപ്പുലിക്കും വയസ് 15 പിന്നിട്ടു. വർഷങ്ങൾക്കു മുൻപു വിദേശത്തുനിന്ന് ഇവിടെ എത്തിക്കുന്പോൾ ആരെയും വിറപ്പിക്കുന്ന ശൗര്യക്കാരായിരുന്നു അവർ.
കൗതുകത്തോടെ അടുത്തെത്തുന്നവരെ കന്പിവലയ്ക്കുള്ളിൽനിന്ന് ഇരുത്തംവന്ന മുരൾച്ചയോടെ പിന്നോട്ടു പായിക്കും. ഒച്ചവച്ചു ശല്യപ്പെടുത്തുന്നവരെ ഗർജനത്താൽ വിറപ്പിക്കും.
കാട്ടിലായിരുന്നെങ്കിൽ 15 വർഷമെന്നതു വന്യമൃഗങ്ങളുടെ പരമാവധി ആയുസാണ്. ശരിയായ ചികിത്സയും കൃത്യമായ ഭക്ഷണവുമാണ് ആയുസ് കൂട്ടിയത്.
മാത്രമല്ല കൂടിനുള്ളിലായതിനാൽ മറ്റു മൃഗങ്ങളുടെ വേട്ടയാടലുകളും ഉണ്ടാകുന്നില്ല.
പുത്തൂർ സുവോളജിക്കൽ പാർക്ക് സജ്ജമാകുന്നതോടെ മൃഗങ്ങളെ അങ്ങോട്ടുമാറ്റും. വന്യമൃഗങ്ങളെ മാറ്റുകയെന്നത് ഏറെ വെല്ലുവിളിയാണെന്നു മൃഗശാലയുടെ സൂപ്രണ്ട് വി.രാജേഷ് പറഞ്ഞു.
ഉപദ്രവകാരികളായ മൃഗങ്ങളെ മയക്കിയശേഷമേ മാറ്റാൻ സാധിക്കു. അതിനു മുൻപു മൃഗങ്ങളുടെ ആരോഗ്യ പരിശോധന നടത്തണം. മറ്റ് പക്ഷിമൃഗാദികളെ കൂടോടെ മാറ്റാൻ സാധിക്കും. ഉരഗ ജീവികളെയും മയക്കേണ്ടിവരും.
പുറപ്പെടാനൊരുങ്ങി 490 പക്ഷിമൃഗാദികൾ
490 പക്ഷിമൃഗാദികളാണു തൃശൂർ മൃഗശാലയിൽനിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു പുറപ്പെടാൻ തയാറെടുക്കുന്നത്.
14 വർഗത്തിലുള്ള സസ്തനികളും 24 വർഗത്തിലുള്ള പക്ഷികളും 15 വർഗത്തിലുള്ള ഉരഗങ്ങളും ഇതിൽപ്പെടും.
പുത്തൂർ സുവോളജിക്കൽ പാർക്ക് പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടെനിന്നും മൃഗങ്ങളെ ഘട്ടംഘട്ടമായി മാറ്റും.
വന്യജീവികൾ ചാവുന്നു
കഴിഞ്ഞ നാലു വർഷത്തിനിടെ ചത്തതു രണ്ടുവീതം കടുവകളും പുള്ളിപ്പുലിയും രാജവെന്പാലയും. മാനുകൾ എല്ലാവർഷവും ചാകുന്നുണ്ട്.
പുതിയവ ജനിക്കുന്നതിനാൽ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നില്ല. ചത്തുപോകുന്ന വന്യമൃഗങ്ങളെ പ്രോട്ടോകോൾ പ്രകാരമാണു സംസ്കരിക്കുക.
വിദഗ്ധരടങ്ങിയ സമിതിയുടെ മേൽനോട്ടത്തിൽ ആദ്യം പോസ്റ്റ്മോർട്ടം നടത്തും. തുടർന്നു വന്യമൃഗങ്ങളെ കത്തിക്കും. മാൻ ഉൾപ്പടെയുള്ള മൃഗങ്ങളെ കുഴിച്ചിടുകയും ചെയ്യും.
മാറ്റം ഒക്ടോബർ മുതൽ
പുത്തൂർ പാർക്ക് പൂർത്തിയാകുന്ന മുറയ്ക്ക് ഒക്ടോബർ മുതൽ മൃഗങ്ങളെ മാറ്റിത്തുടങ്ങും.
രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഡിസംബർ 31 നുള്ളിലും മൂന്നാംഘട്ടം 2022 മാർച്ചിനുള്ളിലും പൂർത്തിയാക്കും. മൃഗങ്ങളെ പാർക്കിലെത്തിച്ചാലും സന്ദർശനം കുറച്ചുകൂടി കഴിഞ്ഞേ അനുവദിക്കുകയുള്ളൂ.
ആദ്യ സുവോളജിക്കൽ പാർക്ക്
ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ സുവോളജിക്കൽ പാർക്കാണു പുത്തൂരിൽ പൂർത്തിയാകുന്നത്.
330 ഏക്കറിൽ 23 കൂടുകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കും. 360 കോടിയാണു നിർമാണ ചെലവ്. 269.75 കോടി കിഫ്ബി ഫണ്ടും ശേഷിക്കുന്നതു സംസ്ഥാന വിഹിതവുമാണ്.
പൂർത്തിയായവ
അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, മൃഗശാലാ ആശുപത്രി, കിച്ചൻ-സ്റ്റോർ റൂം സമുച്ചയം, പക്ഷികൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകൾ, ചുറ്റുമതിൽ, മണലിപ്പുഴയിൽനിന്നു വെള്ളമെത്തിക്കാനുള്ള സംവിധാനം, 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലവിതരണ സംവിധാനം.
പൂർത്തീകരിക്കാനുള്ളത്
പാർക്കിംഗ് സോണ്, ഓറിയന്റേഷൻ സെന്റർ, ബയോഡൈവേഴ്സിറ്റി സെന്റർ, വൈദ്യുതി സബ്സ്റ്റേഷൻ, ഐസൊലേഷൻ, ക്വാറന്റൈൻ, പോസ്റ്റ്മോർട്ടം കെട്ടിടം, ട്രാം റോഡ്, 11 കൂടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം.
മാറ്റുന്നത് 108 വർഷം പഴക്കമുള്ള മൃഗശാല
തൃശൂരിൽനിന്നു പുത്തൂരിലേക്കു മാറ്റുന്നതു 108 വർഷം പഴക്കമുള്ള മൃഗശാല. 1885 ലാണു തൃശൂരിലെ മൃഗശാല ആരംഭിക്കുന്നത്.
അന്നു വിയ്യൂരിലായിരുന്നു. പിന്നീടതു കുറച്ചുനാളത്തേക്ക് എറണാകുളത്തേക്കു മാറ്റി. 1913 ലാണ് ഇന്നു കാണുന്ന സ്ഥലത്തു മൃഗശാല വരുന്നത്. 13.5 ഏക്കർ മാത്രമാണു സ്ഥലം. സ്ഥലപരിമിതിയാണ് പുതിയ സ്ഥലത്തേക്കു മാറ്റാൻ കാരണം.
സ്ഥലം തിരികെ വേണം
മൃഗശാല പുത്തൂരിലേക്കു മാറ്റുന്പോൾ നിലവിലെ മൃഗശാലയുടെ സ്ഥലം തിരികെവേണമെന്നു വടക്കുന്നാഥ ദേവസ്വം. ഇവിടത്തെ 4.04 ഏക്കർ സ്ഥലം ചെന്പുക്കാവ് ദേവസ്വത്തിന്റേതായിരുന്നു. പിന്നീടതു വടക്കുന്നാഥ ദേവസ്വത്തിലേക്കു ചേർത്തു. ഭൂമി തിരികെ ആവശ്യപ്പെട്ട് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.