തൃശൂർ: ഉല്പന്നവിപണന പ്രദർശനമേളയായ “സമഗ്ര’യിൽ വൈവിധ്യമാർന്ന ചക്ക ഉല്പന്നങ്ങളും തൈകളും പരിചയപ്പെടുത്തി കൃഷിവകുപ്പ്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ ഒരുക്കിയ പ്രദർശനത്തിലാണ് ചക്കയുടെ വൈവിധ്യം.
250 ഓളം ചക്കയിനങ്ങളാണ് പ്രദർശനത്തിലുള്ളത്. തേൻവരിക്ക, കൂഴച്ചക്ക, താമരച്ചക്ക, രുദ്രാക്ഷ ചക്ക, ഒൗഷധ ഗുണമുള്ള മുള്ളാത്ത തുടങ്ങിയ നാടൻ ഇനങ്ങൾ മുതൽ മലേഷ്യയിൽ നിന്നുള്ള ചുവന്ന ഡ്യൂറിയാൻ, ഡാങ്ങ്സൂര്യ തുടങ്ങിയ വിദേശയിനം ചക്കകളും കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ കണ്ടെത്തിയ സിന്ധു ചക്കയും പ്രദർശനത്തിലുണ്ട്.
കാൻസർ, കൊളസ്ട്രോൾ നിയന്ത്രണം എന്നിവയ്ക്ക് ഏറെ ഉപകാരപ്രദമായ ചക്കകളുടെ അപൂർവ വിപണിയാണ് ഒരുക്കിയിട്ടുള്ളത്. ചക്കയുടെ ഒൗഷധസാധ്യതകളും സന്ദർശകർക്കായി വിവരിച്ചു നൽകുന്നുണ്ട്. ചക്കവരട്ടി, ചക്ക ഐസ്ക്രീം, ചക്കപ്പുഴുക്ക്, ചക്ക ഉണ്ണിയപ്പം, ചക്കമുറുക്ക് തുടങ്ങിയ ചക്ക നിർമിത ഉല്പന്നങ്ങളുമുണ്ട്.
ചക്കയുടെ ഉല്പാദനത്തിൽ പ്രാഥമിക സംസ്കരണത്തിൽ വരുന്ന ടെണ്ടർ ജാക്ക്, റോജാക്ക്, ജാക്ക്ഫ്രൂട്ട് ബാർ, വൈപ്പ് ജാക്ക്ഫ്രൂട്ട്, ദ്വിദീയ സംസ്കരണത്തിൽ വരുന്ന സ്ക്വാഷ്, ചിപ്പ്സ്, ജാം, ലഘു സംസ്കരണത്തിലൂടെ ഉല്പാദിപ്പിക്കുന്ന ചക്കക്കുരു എന്നിവ ശാസ്ത്രീയമായി ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്ന വഴികൾ, വിപണനത്തിന്റെ സാധ്യതകൾ എന്നിവയെക്കുറിച്ചും സന്ദർശകർക്ക് നേരിട്ടറിയാം.
കൃഷിവകുപ്പിൽ മെക്കാനിക്കും കോട്ടയം സ്വദേശിയുമായ ടി.കെ. സുഭാഷ് ചക്കയിൽ നിർമിച്ച ശില്പങ്ങളും മേളയിലെ വേറിട്ട കാഴ്ചയാണ്. ജയിൽ വകുപ്പിന്റെ സ്റ്റാളാണ് സമഗ്രയിലെ മറ്റൊരു ആകർഷണം. മൂന്നുഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിൽ ജയിൽ അന്തേവാസികൾ പാകംചെയ്ത ഭക്ഷ്യവസ്തുക്കൾ ലഭിക്കും.
ചിത്രരചനകൾ, പേപ്പർബാഗുകൾ, മരംകൊണ്ടുള്ള കളിയുപകരണങ്ങൾ, കരകൗശല ഉല്പന്നങ്ങൾ, ചിരട്ട, തടി എന്നിവ കൊണ്ടു നിർമിച്ച അലങ്കാരവസ്തുക്കൾ, ജയിൽ വസ്തുക്കളുടെ മാതൃകകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച വനിത അന്തേവാസികൾ നിർമിച്ച ഉല്പന്നങ്ങളുമുണ്ട്.