തൃശൂർ: കോർപറേഷൻ മേയർ പദവിയിൽ ആളുമാറിയെങ്കിലും അജിതയ്ക്കു മാറ്റമില്ല. മുൻ മേയറും പുതിയ മേയറും അജിതമാർ തന്നെ. അജിത ജയരാജനു പകരം അജിത വിജയനായി എന്നു മാത്രം. ധാരണപ്രകാരം ഒരു വർഷത്തേക്കാണ് മേയർസ്ഥാനം. അതു കഴിഞ്ഞാൽ സിപിഎം പ്രതിനിധി തന്നെ മേയർസ്ഥാനത്തെത്തും.
അജിത മേയറാകുന്നതു കാണാൻ കുടുംബാംഗങ്ങളും എത്തിയിരുന്നു. ഭർത്താവും സിപിഐ നേതാവുമായ വിജയൻ, അമ്മ കമലാക്ഷി, അജിതയുടെ അമ്മ അമ്മിണിയമ്മ, ഏകമകൾ ആതിര എന്നിവരും മറ്റു ബന്ധുക്കളും കണിമംഗലം വാർഡിലെ വോട്ടർമാരും എത്തിയിരുന്നു.
അനുമോദന യോഗത്തിൽ കൗണ്‍സിലർമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുത്തു. സിപിഐ നേതാവായിരുന്ന മുൻമന്ത്രി വി.വി.രാഘവന്റെ ബന്ധു കൂടിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ ലാളിത്യവും പ്രവർത്തനങ്ങളും കണ്ടാണ് വളർന്നത്. അതിനാൽ പാവപ്പെട്ടവനു പ്രഥമ പരിഗണന നല്‍കിയായിരിക്കും മേയറെന്ന നിലയിൽ പ്രവർത്തനം നടത്തുകയെന്നു മേയർ അജിത വിജയൻ പറഞ്ഞു.