മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയക്ക്, നിങ്ങൾ വരുന്പോൾ കുടെ എഴുതുവാനും വായിക്കാനും അറിയുന്ന ആളെയും കൊണ്ടുവരണം. അതും പോരാ.. എഴുതാൻ പേനയും വെള്ളക്കടലാസും കരുതണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ഡോക്ടറെ കാണാതെ തിരിച്ചു പോകാം.
ഗവ. മെഡിക്കൽ കോളജിലെ പുതിയ പരിഷ്കാരമാണിത്. ഒപി യിൽ എത്തുന്ന രോഗികൾക്ക് പണ്ടത്തെ ഒപി ടിക്കറ്റെടുക്കാൻ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയക്ക് മാറ്റം വന്നുവെങ്കിലും ഇപ്പോൾ രോഗികൾ എത്തിയാൽ ആദ്യം വരിനിന്ന് ടോക്കണ് വാങ്ങണം. പിന്നീട് വെള്ള പേപ്പറിൽ രോഗിയുടെ പേര്, വയസ് രോഗത്തിന്റെ പേര് എന്നിവ എഴുതി കൗണ്ടറിൽ കൊടുക്കണം.
നന്പർ പ്രകാരം ഒപി ടിക്കറ്റ് ലഭിക്കും. എഴുതി കൊടുത്ത തുണ്ടു പേപ്പറിൽ എന്തെങ്കിലും തെറ്റുപറ്റിയാൽ പിന്നെ അന്നത്തെ ദിവസം ഡോക്ടറെ കാണാനാകില്ലെന്നു മാത്രം. കാരണം അത് തിരുത്താൻ സൂപ്രണ്ടിന്റെ എഴുത്തു വേണം. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദൂര ദേശങ്ങളിൽ നിന്നു എത്തുന്ന അക്ഷരാഭ്യാസം ഇല്ലാത്തവരാണ് ഇതിൽ ഏറെ കഷ്ടപ്പെടുന്നത്.
പേരുപോലും എഴുതാൻ അറിയാത്തവർ പനിയ്ക്കു മെഡിസിൻ ഡോകടറെ കാണാൻ എന്ന് എഴുതാൻ അറിയാത്തത് മൂലം മറ്റു ഡോകടർമാരുടെ വിഭാഗങ്ങളിലേക്കാണ് എഴുതുക. തുടർന്ന് അത്തരം വിഭാഗങ്ങളിൽ എത്തുന്പോഴാണ് കാണേണ്ട ഡോക്ടർ ഇതല്ലെന്ന് ബോധ്യമാകുക. പിന്നെ അന്നേദിവസം കാണേണ്ട ഡോക്ടറെ കാണാനാകില്ല.
മുന്പ് ഒപി കൗണ്ടറിൽ എത്തിയാൽ രോഗികൾ രോഗത്തിന്റെയും വേദനയുടെയും കാര്യം സൂചിപ്പിച്ചാൽ കൗണ്ടറിൽ ഇരിക്കുന്നവർക്ക് ഏത് ഡോകടറെ കാണണമെന്നറിയുകയും ആ വിഭാഗത്തിലേക്ക് ടിക്കറ്റ് നൽകുകയുമാണ് പതിവ്. മെഡിക്കൽ കോളജ് ഒപിയക്ക് സമീപം സഹായ കേന്ദ്രം എന്ന കൗണ്ടർ ബോർഡ് വച്ചീട്ടുണ്ട്. എന്നാൽ മാസങ്ങളായി ഈ സീറ്റിൽ ആരേയും കണ്ടെത്താൻ ഇതു വരെ സാധിച്ചിട്ടില്ല.
30,000 രൂപ ശബളത്തിൽ സർക്കാർ അന്വേഷണ കൗണ്ടറിൽ ഈ ആവശ്യത്തിനു വേണ്ടി നിയമിച്ചിട്ടുള്ള ജീവനക്കാർ പഞ്ചിംഗ് മെഷീനിൽ ഹാജർ രേഖപ്പെടുത്തുന്നുണ്ടത്രേ. എന്നാൽ ഇതു വരെ ആളുകൾക്ക് ഇവരെ കാണൻ സാധിച്ചിട്ടില്ല. അതു കൊണ്ടുതന്നെ രോഗികൾക്കും അവരുടെ കൂടെ വരുന്നവർക്കും വിവരങ്ങൾ അന്വേഷിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മാത്രമല്ല രോഗികളുടെ കാര്യങ്ങൾ തിരക്കാനും സാധിക്കുന്നില്ല.
പലപ്പോഴും സെക്യൂരിക്കാരാണ് ഈ ജോലി ചെയ്യുന്നത്. വിവരങ്ങൾ എഴുതി നൽകാൻ സാധിക്കാതെ നിരക്ഷരായവരെ സഹായിക്കാൻ എത്രയും പെട്ടന്ന് ജോലിക്കാരെ വയ്ക്കണമെന്ന ആവശ്യം ശക്തമാണ്.