മുളങ്കുന്നത്തുകാവ്: ഏതെങ്കിലും ആക്രിക്കടയുടെ ചിത്രമാണിതെന്ന് തെറ്റിദ്ധരിക്കണ്ട. ഇതാണ് നമ്മുടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരം. ആക്രിസാധനങ്ങളും മരുന്നുകുപ്പികളും കുമിഞ്ഞുകൂടിക്കിടക്കുന്നത് മെഡിക്കൽ കോളജിലെ പ്രധാനപ്പെട്ട വഴിക്കരികിലാണ്. സിടി സ്കാൻ, എംആർഐ സ്കാൻ, എക്സ റേ യൂണിറ്റുകൾ, ലബോറട്ടറി, പ്രസവ വാർഡ്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴിക്ക് സമീപമാണ് ഇവ കുന്നുകൂടിയും വഴിയിലേക്ക് ചിന്നിച്ചിതറിയും കിടക്കുന്നത്.
ചെരിപ്പിടാതെ ഇതുവഴി നടന്നാൽ ടെറ്റനസ് എടുക്കാതെ വേറെ രക്ഷയില്ലെന്നോർക്കുക. രാത്രിയിൽ ഇതുവഴി നടന്നുപോകുന്നവർ കയ്യിൽ ടോർച്ചോ മെഴുകുതിരിയോ കരുതണം. കാലിൽ ചെരുപ്പോ ഷൂസോ ഉണ്ടായിരിക്കണം.ഇക്കഴിഞ്ഞ ജൂണിൽ മഴയ്ക്കു മുന്പായി ഇവയെല്ലാം ലേലം ചെയ്തു കൊടുത്തുവെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ ഇവ എത്ര തുകയ്ക്കാണ് ലേലം കൊടുത്തതെന്നതിനെക്കുറിച്ചോ എത്ര കിലോ സാധനങ്ങളുണ്ടായിരുന്നുവെന്നതിനെക്കുറിച്ചോ വ്യക്തമായ കണക്ക് അധികൃതർ സൂക്ഷിച്ചിട്ടില്ലത്രെ.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കോടി രൂപയോളം രൂപയുടെ മരുന്നുകളാണ് ഒരു മാസം ചിലവാകുന്നത്. ഇവ കൊണ്ടുവരുന്ന പെട്ടികളും കുപ്പികളും സിറഞ്ചുകളും ഉപേക്ഷിക്കുന്നത് ഇവിടെയാണ്.
ഒരു വർഷത്തെ ആക്രിസാധനങ്ങൾ ഇവിടെ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് നീക്കം ചെയ്യേണ്ട കരാറുകാരൻ എന്തുകൊണ്ട് ഇവ നീക്കുന്നില്ലെന്നതാണ് ചോദ്യം. ലേലം കൊണ്ട കരാറുകാരന്റെ കാലവാധി തീർന്നിട്ടും ഇപ്പോഴും ആക്രിസാധനങ്ങൾ ഇവിടെ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ഇപ്പോഴും ആക്രിസാധനങ്ങൾ വന്നുകൂടുന്നത് ഈ കരാറുകാരൻ തന്നെയാണ് എടുക്കുന്നതെന്നത് മറ്റൊരു കാര്യം.