മുളങ്കുന്നത്തുകാവ്: ആക്രിക്കടയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും ഇത് ആക്രിക്കടയുടെ ചിത്രമല്ല. ഇതാണ് നൂറു കണക്കിന് രോഗികൾ വന്നുപോകുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ ചിലവഴിച്ച് നിർമിച്ച വിവിധ വാർഡുകളുമായി ബന്ധിപ്പിക്കുന്ന കോറിഡോറുകളും കോണിപ്പടികളും ആശുപ്രത്രിയിലെ ആക്രി സാധനങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ഇതുവഴി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാൻ ഇപ്പോൾ സാധിക്കില്ല.
ആശുപത്രിയുടെ ഒപികളിലും വാർഡുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും ലാബ്, എക്സ് റേ യൂണിറ്റുകളിലും കുട്ടികളുടെ വാർഡിലുമെല്ലാം ഇവ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. പഴയ സാധനങ്ങൾ വിൽപ്പന നടത്തുകയാണങ്കിൽ സർക്കാരിന് ലക്ഷങ്ങൾ വരുമാനം ലഭിക്കും. എന്നാൽ ഇവ ലേലം ചെയ്ത് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ആയിരത്തോളം ബെഡുകൾ, നൂറിൽ പരം കട്ടിലുകൾ, കസേരകൾ, മേശകൾ.
കേടുവന്ന വെന്റിലേറ്ററുകൾ, എസികൾ, ഓപ്പറേഷൻ തീയറ്ററുകളിലെ സർജറിക്ക് ആവശ്യമായ സർജിക്കൽ സാമഗ്രികൾ, ഓപ്പറേഷൻ ടേബിൾ, ലൈറ്റുകൾ, ഫാനുകൾ, വിൽ ചെയറുകൾ, സ്ട്രെച്ചറുകൾ, നൂറുകണക്കിന് ടീപ്പോയികൾ, ഡയാലിസിസ് യന്ത്രം, എക്സറേ യന്ത്രം, സി ടി സ്കാൻ യന്ത്രം, വിവിധ പരിശോധനകൾക്ക് ആവശ്യമായ യന്ത്രങ്ങൾ ,അലുമിനിയം, ഇരുന്പ് സാമഗ്രികൾ എന്നിവയടക്കം വൻതോതിലാണ് ആക്രിസാമഗ്രികൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമെല്ലാം ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇവയിൽ പലതും അറ്റകുറ്റപ്പണികൾ നടത്തിയാൽ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ അതിനും ബന്ധപ്പെട്ടവർ തയ്യാറല്ല. ആക്രി വിഭാഗത്തിൽ ഉൾപ്പെടുത്തി മാറ്റിയിട്ടിരിക്കുന്ന ഇവ ലേലം ചെയ്തുകൊടുക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനാണ്. എന്നാൽ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ ഇതിന്റെ ചുമതലയുള്ള ജീവനക്കാരനും തമ്മിലുള്ള കമ്മീഷൻ തർക്കമാണ് ഇതിവിടെ കെട്ടിക്കിടക്കാൻ കാരണമെന്ന് പറയുന്നു.
ആവശ്യമായ ടെണ്ടറുകളും പൊതു ലേലവും വിളിക്കാതെ തങ്ങളുടെ ഇഷ്ടക്കാർക്ക് ലക്ഷങ്ങൾ വിലവരുന്ന ആക്രി സാധനങ്ങൾ ചുളുവിൽ വിൽപ്പന നടത്താനുള്ള ശ്രമം മുന്പ് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് തടഞ്ഞിരുന്നു. ആക്രി സാധനങ്ങൾ കെട്ടി കിടക്കുന്നത് മൂലം പല വാർഡുകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിനകത്ത് പാന്പും മറ്റും കയറിക്കൂടിയിട്ടുണ്ട്. ഇടക്കിടെ പുറത്തുവരുന്ന പാന്പുകളെ തല്ലിക്കൊല്ലേണ്ട ഡ്യൂട്ടിയും ഇപ്പോൾ ആശുപത്രിയിലെത്തുന്നവർക്കാണ്.