മുളങ്കുന്നത്തുകാവ്: പ്രിയപ്പെട്ട യാത്രക്കാരേ…. മെഡിക്കൽ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആ ഓട്ടോക്കാരൻ മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറല്ലാട്ടോ….
മറ്റെവിടെയോ ഓടുന്ന ഓട്ടോറിക്ഷയാണത്. അയാൾ പൂമല സ്വദേശിനിയായ പെണ്‍കുട്ടിയേയും കൊണ്ട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലേക്ക് വന്നപ്പോഴാണ് അപമര്യാദയായി പെരുമാറിയതും അയ്യായിരം രൂപ തന്നാൽ കൂടെ വരുമോ എന്നും ചോദിച്ചത്.
അപ്പോഴാണ് ആ കുട്ടിയുടെ കൂട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ അയാളെ കൈകാര്യം ചെയ്യേണ്ടി വന്നതും ഒടുവിൽ പോലീസിൽ പിടിപ്പിച്ചതും.എന്നാൽ പലരും കരുതിയത് അയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തെ ഓട്ടോസ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണെന്നാണ്. അല്ലാട്ടോ…
പലരും പേടികൊണ്ടിപ്പോൾ ഇവിടെ നിന്ന് ഓട്ടോ വിളിക്കുന്നില്ല. സുഹൃത്തുക്കളേ ദയവുചെയ്ത് സത്യം മനസിലാക്കണം. ആ ഓട്ടോക്കാരൻ ഈ സ്റ്റാൻഡിലെ അല്ല. അത്തരക്കാരൊന്നും ഈ സ്റ്റാൻഡിലില്ല. യാത്രക്കാർ ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവരോട് മാന്യമായി പെരുമാറാനേ ഞങ്ങൾക്കറിയൂ. ഏതോ ഒരുത്തൻ മോശമായി പെരുമാറിയെന്ന് കരുതി എല്ലാവരും അങ്ങിനെയെന്ന് തെറ്റിദ്ധരിക്കരുതേ….
തുടർന്നും നിങ്ങൾ ഞങ്ങളുടെ ഓട്ടോയിൽ സവാരിക്ക് കയറണം..ഏതു പാതിരാത്രിക്കും നിങ്ങളെ സുരക്ഷിതമായി നിങ്ങൾക്കു പോകേണ്ട സ്ഥലത്ത് കൊണ്ടുചെന്നാക്കാൻ ഞങ്ങൾ ഒരുക്കമാണ് -മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോ ഡ്രൈവർമാർ…