മുളങ്കുന്നത്തുകാവ്: പനി പടർന്നുപിടിച്ച് കേരളം പനിച്ചു തുള്ളുന്പോൾ തൃശൂർ മെഡിക്കൽ കോളജിലെ വൃത്തിഹീനമായ കാഴ്ചകൾ അറപ്പുളവാക്കുന്നു. പനിയും മറ്റു പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നതിന് കാരണമാകുന്നതെന്ത് എന്ന് അന്വേഷിച്ച് മറ്റെവിടേക്കും പോകേണ്ടതില്ല.
ഈ ആശുപത്രിയിലെ മാലിന്യക്കൂന്പാരങ്ങളും വൃത്തിഹീനമായ ചുറ്റുപാടും അതിന്റെ ഉത്തരമാണ്. പൈപ്പുകളും വാൽവുകളുമൊക്കെ അടഞ്ഞുപോയതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന വാഷ്ബേയിസിനുകളിൽ ഈച്ചയും കൊതുകും നിറഞ്ഞിരിക്കുന്നു. ദുർഗന്ധം മൂലം പരിസരത്തേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥ. നിവൃത്തിയില്ലാതെ ആ വാഷ്ബേയിസിനിൽ മുഖം കഴുകേണ്ട രോഗികളുടേയും ബന്ധുക്കളുടേയും ദുരിതം അധികൃതർ കാണുന്നില്ല.
മെഡിക്കൽ കോളജ് ബാത്ത്റൂമിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. എല്ലാ മാലിന്യങ്ങളും ഇതിലുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു ചപ്പുചവറുകളും കെട്ടിക്കിടക്കുന്ന മലിനജലത്തിലുണ്ട്. ചിലപ്പോഴൊക്കെ ഇത് നിറഞ്ഞൊഴുകി പുറത്തേക്ക് വരുന്നുണ്ട്.
അസഹ്യമായ ദുർഗന്ധവും വമിക്കുന്നുണ്ട്. ചിലവാർഡിലെ കക്കൂസുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. പലതും സെപ്റ്റിക് ടാങ്ക് നിറഞ്ഞതിന്റെ പ്രശ്നം മൂലമാണ് അടച്ചുപൂട്ടിയത്. വൃത്തിയുള്ള ഒരിടം പോലും മെഡിക്കൽ കോളജിൽ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. രോഗം ഭേദമാകാനെത്തി രോഗം സ്വീകരിക്കുന്ന സ്ഥിതി.