സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഫോറൻസിക് വിഭാഗത്തിലെ ശീതീകരണ മുറിക്ക് കാവൽക്കാരില്ലാത്തത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നു. നിലവിൽ മൂന്നു ജീവനക്കാരുള്ളതിൽ ഒരാൾ ലീവെടുത്ത് പോയിരിക്കുകയും ഒരാൾ സുഖമില്ലാതിരിക്കുകയുമാണ്.
ബാക്കിയുള്ള ഒരാൾ 24 മണിക്കൂർ ജോലി ചെയ്ത ശേഷം ഡ്യൂട്ടി അവസാനിപ്പിച്ച് പോയതോടെയാണ് മുറിക്ക് കാവൽക്കാരില്ലാതായത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നവരുടെയും അപകടങ്ങളിലും മറ്റും പെട്ട് മരിക്കുന്ന അജ്ഞാതരുടേയും മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മുറിയാണിത്.
ബന്ധുക്കൾക്ക് തിരിച്ചറിയാനും മറ്റുമായി മുറി തുറന്നുകൊടുക്കേണ്ടതും മൃതദേഹങ്ങൾ ഏറ്റുവാങ്ങി രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പിടേണ്ടതും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്പോഴോ സംസ്കരിക്കാൻ കൊണ്ടുപോകുന്പോഴോ അക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പിടേണ്ടതുമെല്ലാം ഈ കാവൽക്കാരാണ്. ഇപ്പോൾ കാവൽക്കാരില്ലാത്തതിനാൽ മെഡിക്കൽ കോളജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരുമാണ് ഈ ചുമതലകൾ ചെയ്യുന്നത്.