സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: അത്യാസന്ന നിലയിലാണ്. രക്ഷപ്പെടാൻ സാധ്യത വളരെ വളരെ കുറവാണ്. കാണേണ്ടവർക്ക് വന്നു കാണാം……. പറഞ്ഞുവന്നത് ഏതെങ്കിലും രോഗിയുടെ കാര്യമല്ല. രോഗികളേക്കാൾ അത്യാസന്ന നിലയിൽ കിടക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കകത്തെ റോഡിന്റെ കാര്യമാണ്. ആശുപത്രിക്ക് പുറത്തുള്ള തകർന്ന റോഡുകളേക്കാൾ ഗുരുതരവസ്ഥയാണ് അകത്തെ റോഡുകളുടെ കാര്യം.
ആശുപത്രി ജീവനക്കാരുടേയും രോഗികളെയും കൊണ്ടുവരുന്നവരുടേയും വണ്ടികൾ മാത്രമേ ഇതിനകത്തുകൂടി പോകുന്നുള്ളുവെങ്കിലും അതു തന്നെ നൂറുണക്കിന് വാഹനങ്ങൾ വരും.കാൽനടയായി ഇതിലൂടെ പോകുന്നവർ വളരെ സൂക്ഷിച്ചാണ് നടന്നുപോകുന്നത്. അല്ലാത്ത പക്ഷം നേരെ ഓർത്തോ സർജനെ കാണേണ്ട സ്ഥിതിയാണ്.
ആശുപത്രിയിലെ അഞ്ച് നീതി മെഡിക്കൽ ഷോപ്പ്, കാന്റീൻ, സ്റ്റേഷനറി കട, അത്യഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴിയാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. രണ്ടു വർഷത്തോളമായി ഈ സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിലേക്കുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുവരുന്നത്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അമിത വേഗത്തിൽ പോകാൻ സാധിക്കില്ലെന്നതിന് പുറമെ മറ്റു വാഹനങ്ങൾ പതിയെ പോകുന്നതും ആംബുലൻസുകൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ട്. ചെളിനിറഞ്ഞു കിടക്കുന്ന റോഡിലൂടെ നോക്കിയും കണ്ടും നടന്നില്ലെങ്കിൽ എപ്പോൾ ചെളിതെറിച്ചുവെന്ന് നോക്കിയാൽ മതി.