സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രമേഹത്തിന് സൗജന്യമായി നൽകുന്ന മരുന്ന് കിട്ടാനില്ല. കേരള മെഡിക്കൽ കോർപറേഷൻ സൗജന്യമായി നൽകേണ്ട മരുന്ന് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്നില്ല.
ദിവസവും മൂന്നു നേരം കഴിക്കേണ്ട മെറ്റഫോർമിൻ എന്ന ഗുളികയടക്കമുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകണമെന്ന ചട്ടം ആയിരക്കണക്കിന് രോഗികൾ വരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ലംഘിക്കപ്പെടുകയാണ്. പാവപ്പെട്ട രോഗികൾക്ക് വില കൊടുത്ത് മരുന്നുകൾ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണ്. മിതമായ വിലയ്ക്ക് ലഭിക്കേണ്ട ഇൻസുലിനും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
അതിനിടെ മെഡിക്കൽ കോളജിൽ പോഷകാഹാരങ്ങൾ നൽകുന്നത് നിലച്ചു. ഗർഭിണികൾ അടക്കം ആശുപത്രിയിലെത്തുന്ന ബിപിഎൽ ലിസ്റ്റിൽ പെട്ട മുഴുവൻ രോഗികൾക്കും ദിവസവും പാൽ, മുട്ട, ബ്രഡ്, ബിസ്ക്കറ്റ് എന്നിവ നൽകണമെന്നാണ് നിയമം. എന്നാൽ തൃശൂർ മെഡിക്കൽ കോളജിലെ ബിപിഎൽ രോഗികൾക്ക് ഇത് ലഭിക്കുന്നില്ല. ഇവയുടെ വിതരണക്കാരായ ഏജൻസികൾക്ക് പണം നൽകാത്തതുകൊണ്ടാണ് പോഷകാഹാരങ്ങൾ കിട്ടാത്തതിന് കാരണമെന്ന് പറയുന്നു.
പാവപ്പെട്ട രോഗികൾക്ക് മരുന്നും പോഷകാഹാരങ്ങളും നിഷേധിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണെങ്കിലും പരിഹാര നടപടികളൊന്നുമായിട്ടില്ല. സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകളില്ലാത്തത് സ്വകാര്യ മേഖലയിലെ മരുന്നുവിൽപനക്കാർക്കാണ് ഗുണമാകുന്നത്.