മുളങ്കുന്നത്തുകാവ്: ചികിത്സ തേടി അന്യസംസ്ഥാനത്തേക്കു പോകുന്ന മന്ത്രിമാരും മറ്റു നേതാക്കളും സ്വന്തം നാട്ടിലെ സർക്കാർ മെഡിക്കൽ കോളജിലെ ദുരിതമറിയണം. റേഡിയേഷൻ യന്ത്രം കേടായതു മൂലം റേഡിയേഷൻ ചികിത്സ ലഭിക്കാതെ വലയുന്ന കാൻസർ രോഗികളുടെ രോദനം കേൾക്കണം. എണ്ണറ്റ തവണ വിലപിച്ചിട്ടും അപേക്ഷിച്ചിട്ടും ഇനിയും നല്ല രീതിയിൽ കേടുപാടുകൾ തീർക്കാൻ കഴിയാത്ത കണ്ടം ചെയ്യേണ്ട കാലം അതിക്രമിച്ച റേഡിയേഷൻ മെഷിന് പകരം പുതിയ ഒരെണ്ണം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കാൻ ബന്ധപ്പെട്ട ആർക്കും സാധിച്ചിട്ടില്ല.
കണ്ണട വാങ്ങാനും ചികിത്സക്കുമായി ലക്ഷങ്ങൾ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കുന്ന ആരോഗ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ കിട്ടാതെ വേദനകൊണ്ട് നിലവിളിക്കുന്ന കാൻസർ രോഗികളുടെ വേദനയറിയുന്നില്ല. റേഡിയേഷൻ യന്ത്രം കേടായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും എന്ന് ശരിയാക്കുമെന്നുപോലും പറയാനാകാതെ അധികൃതർ രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിട്ടുകൊണ്ടിരിക്കുകയാണ്.
മുൻ സർക്കാർ ഉപയോഗിച്ച ഒരു കേടുമില്ലാത്ത കാർ മാറ്റി പുതിയ കാറുകൾ വാങ്ങിച്ചുകൂട്ടാൻ തിക്കും തിരക്കും കൂട്ടുന്ന പുതിയ ജനപ്രതിനിധികൾ കാൻസർ എന്ന മഹാവ്യാധി മൂലം കഷ്ടപ്പെടുന്ന രോഗികൾക്ക് വേണ്ടി കാലഹരണം ചെയ്യപ്പെട്ട റേഡിയേഷൻ യന്ത്രം മാറ്റി പുതിയ യന്ത്രം വാങ്ങുന്ന കാര്യം ഇനിയെങ്കിലുമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ…
നൂറിലധികം രോഗികൾക്ക് തൃശൂർ മെഡിക്കൽ കോളജിൽ റേഡിയേഷൻ ചികിത്സ ആവശ്യമാണ്.
ഇടക്കിടെ കേടുവരുന്ന യന്ത്രം രോഗികളുടെ റേഡിയേഷൻ മുടക്കുന്പോൾ വേദന സഹിക്കവയ്യാതെ രോഗികൾ നിലവിളിക്കുകയാണ്. യന്ത്രത്തിന്റെ കേടുമൂലം നൂറെന്നത് അറുപതാക്കി ചുരുക്കിയിരുന്നു. ആയിരത്തോളം രോഗികൾക്കാണ് തൃശൂർ മെഡിക്കൽ കോളജിൽ പലദിവസങ്ങളിലായി ഇപ്പോൾ റേഡിയേഷൻ നടത്തുന്നത്. തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും നിരവധിപേർ ഇവിടെ റേഡിയേഷനായി എത്തുന്നുണ്ട്.
പലർക്കും ഒന്നു മുതൽ 30 എണ്ണം വരെ റേഡിയേഷൻ തുടർച്ചയായി ചെയ്യണം. എന്നാൽ പത്ത് എണ്ണം വരെ ചെയ്തവർ അടുത്തത് ചെയ്യാൻ എത്തുന്പോഴാണ് യന്ത്രം കേടു വന്ന കാര്യം അറിയുന്നത്്. റേഡിയേഷൻ ചെയ്യുന്നതിനിടയിൽ ഇതിന് മുടക്കം വന്നാൽ രോഗികളുടെ നില കൂടുതൽ പ്രശ്നത്തിലാകും. ഇത് ഒഴിവാക്കാൻ പാവപ്പെട്ടവർ വൻ തുക നൽകി സ്വകാര്യ കാൻസർ ചികിത്സാ റേഡിയേഷൻ യൂണിറ്റുകളെ ആശ്രയിക്കണ്ട് അവസഥയാണ്.
അല്ലെങ്കിൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പോയി റേഡിയേഷൻ ചെയ്യേണ്ട ഗതികേടിലാണ്. പലരും ഇവിടേക്കൊന്നും പോകാൻ പണമില്ലാത്തതിനാൽ റേഡിയേഷൻ നടത്താതെ തിരികെ മടങ്ങുന്ന ദയനീയ കാഴ്ചയുമുണ്ട്. റേഡിയേഷൻ യന്ത്രം നന്നാക്കാൻ ചെന്നൈയിൽ നിന്നുമാണ് വിദഗ്ധരെത്തേണ്ടത്.
എന്നാൽ ഇവർ എന്നെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. മാസങ്ങൾക്ക് മുന്പ് ഒന്നരക്കോടി ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ യന്ത്രമാണ് ഇപ്പോൾ വീണ്ടും കേടായിരിക്കുന്നത്. യന്ത്രത്തിന്റെ തകരാർ കൃത്യമായി കണ്ടെത്താതുകൊണ്ടാണ് ഇത് ഇടക്കിടെ കേടുവരുന്നതെന്ന് പറയുന്നു. വൻതുക നൽകി താൽക്കാലികമായി കേടുപാട് തീർത്ത് വിദഗ്ധർ ചെന്നൈയിൽ മടങ്ങിയെത്തുന്പോഴേക്കും വീണ്ടും യന്ത്രം കേടുവന്നിരിക്കും.
പുതിയ യന്ത്രം വാങ്ങാനുള്ള നടപടികൾ പതിവുപോലെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. റേഡിയേഷൻ കിട്ടാത്തതുമൂലം വേദന ശമിക്കാനായി പല രോഗികളും വിലകൂടിയ വേദനസംഹാരി മരുന്നുകളാണ് ഇപ്പോൾ വാങ്ങിക്കഴിക്കുന്നതത്രെ.
ഗ്രാമരശമി ചികിത്സയക്കുള്ള കോബാൾട്ട് മെഷീൻ, ലീനിയർ ആക്സിലേറേറ്റർ (എക്സേറ രശമി ചികിത്സ) എന്നിവ വാങ്ങിക്കാൻ കോടികൾ കഴിഞ്ഞ യൂ.ഡി.എഫ് സർക്കാർ അനുവദിച്ചുവെങ്കിലും കാര്യമായ നടപടികൾ ഇതു വരെ ആയിട്ടില്ല ടെണ്ടർ നടപടികൾ നടന്ന് വരുകയാണ് എന്ന സ്ഥിരം പല്ലവിയാണ് ഉന്നതങ്ങളിൽ നിന്നും പറയുന്നത്്.