തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലി സിപിഎം കൗണ്‍സിലർമാർക്കിടയിൽ അഭിപ്രായ വ്യത്യാസം പുകയുന്നു. വീണ്ടും ഡെപ്യൂട്ടി മേയറാകാൻ വർഗീസ് കണ്ടംകുളത്തി നടത്തുന്ന നീക്കത്തിനെതിരെ യുവ കൗണ്‍സിലർമാർക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
കൗണ്‍സിലിൽ വർഗീസ് കണ്ടംകുളത്തിയുടെ ഒപ്പം നിന്നു പ്രവർത്തിക്കുന്ന യുവ കൗണ്‍സിലറായ അനൂപ് ഡേവിസ് കാടയെ ഡെപ്യൂട്ടി മേയറാക്കണമെന്നാണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടംകുളത്തിയുടെ ഒപ്പം നിന്ന് പ്രവർത്തിക്കുന്നതിനാൽ നേരിട്ട് ആവശ്യപ്പെടാൻ കഴിയില്ലെന്നതിനാൽ മറ്റു ചില കൗണ്‍സിലർമാർ വഴിയും ഡിവൈഎഫ്ഐ നേതാക്കൾ വഴിയുമാണ് പാർട്ടി നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരിക്കുന്നത്.
വർഗീസ് കണ്ടംകുളത്തിയെ വീണ്ടും ഡെപ്യൂട്ടി മേയറാക്കുന്നതിനോട് യുവ കൗണ്‍സിലർമാർക്കിടയിലും എതിർപ്പുണ്ട്. മറ്റുള്ളവർക്ക് അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. നവംബർ 17ന് മേയർ അജിത ജയരാജന്റെ കാലാവധി അവസാനിക്കും. നേരത്തെയുള്ള ധാരണ പ്രകാരം സിപിഐയിലെ അജിത ജയരാജനാണ് മേയറാകുക.
നിലവിലുള്ള സിപിഐയിലെ ഡെപ്യൂട്ടി മേയർ ബീന മുരളിയുടെ ഒരു വർഷത്തെ കാലാവധി ഡിസംബറിലാണ് അവസാനിക്കുക. മേയർ മാറുന്നതോടെ ഡെപ്യൂട്ടി മേയറും രാജിവയ്ക്കണമെന്ന സിപിഎമ്മിന്റെ നിലപാടിനോട് സിപിഐ വഴങ്ങിയിട്ടില്ല.
കാലാവധി തീരുന്ന ഡിസംബറിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിയാനാണ് സിപിഐയുടെ തീരുമാനം. ഈ സ്ഥാനത്തേക്ക് നേരത്തെ കോണ്‍ഗ്രസ് വിമതനായി ജയിച്ച് യുഡിഎഫിനൊപ്പം നിന്നതിനുശേഷം എൽഡിഎഫ് പക്ഷത്തേക്ക് വന്ന കുട്ടിറാഫിക്ക് നൽകാനായിരുന്നു തീരുമാനം. എന്നാൽ കുട്ടിറാഫിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകുന്നതിനോടും സിപിഎമ്മിലെ യുവ കൗണ്‍സിലർമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുയർന്നിരുന്നു.
കുട്ടി റാഫി വന്നാലും എൽഡിഎഫിന് കോർപറേഷനിൽ ഭൂരിപക്ഷം കിട്ടില്ലെന്നിരിക്കേ എന്തിനാണ് പദവി നൽകുന്നതെന്നാണ് ഇവരുടെ ചോദ്യം. 55 അംഗ കൗണ്‍സിലിൽ 27 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കൂടി പിന്തുണ വേണം. കോണ്‍ഗ്രസിന് 22ഉം ബിജെപിക്ക് ആറും അംഗങ്ങളാണുള്ളത്.
ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാനാണ് നീക്കം നടത്തിയതെങ്കിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ മാറ്റുന്നതിനോട് പാർട്ടിക്കും താൽപര്യമില്ല. നേരത്തെ എം.പി.ശ്രീനിവാസനെ പുറത്താക്കി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് കൗണ്‍സിലിനെ നിയന്ത്രിക്കാമെന്നായിരുന്നു വർഗീസ് കണ്ടംകുളത്തിയുടെ നീക്കം.
മുന്‍പ് ടാക്സ് ആന്റ് അപ്പീൽ കമ്മിറ്റി ചെയർമാൻ സിഎംപിയിലെ പി.സുകുമാരനെ ഒഴിവാക്കി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ശ്രീനിവാസനെ എങ്ങനെയെങ്കിലും പുറത്താക്കി ആ സ്ഥാനത്തേക്ക് കുട്ടിറാഫിയെ നിയമിച്ച് ഡ്പ്യെൂട്ടി മേയർ സ്ഥാനം തനിക്ക് തന്നെ ലഭിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കയാണ് വർഗീസ് കണ്ടംകുളത്തി. ധാരണയനുസരിച്ച് അടുത്ത രണ്ടു വർഷം സിപിഎമ്മിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം.
എന്നാൽ പാളയത്തിൽ തന്നെ പടയെന്ന പോലെ കണ്ടംകുളത്തിയുടെ ഒപ്പം നടന്ന് ഡെപ്യൂട്ടി മേയർ സ്ഥാനം നേടാനുള്ള നീക്കത്തിലാണ് യുവ കൗണ്‍സിലർ. ഇതിന് സിപിഎമ്മിലെ ഭൂരിഭാഗം കൗണ്‍സിലർമാരുടെയും പിന്തുണയുണ്ടെന്നും പറയുന്നു. എന്തായാലും പാർട്ടി നേതൃത്വം നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്.
ദുരിതാശ്വാസ നിധിയിലേക്ക് ആളുകളെ കുത്തിപിടിച്ച് തന്നെയാണ് പണം പിരിച്ചതെന്ന വർഗീസ് കണ്ടംകുളത്തിയുടെ പ്രസ്താവന പാർട്ടിക്ക് തന്നെ ദോഷം ചെയ്തുവെന്നാണ് പൊതുവെ വിലയിരുത്തൽ. ഇത്തരം കാര്യങ്ങളും എതിർപ്പും ഉള്ളതിനാൽ പാർട്ടി നേതൃത്വവും എന്തു ചെയ്യണമെന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചു.