വിനീഷ് വിശ്വം
തൃശൂർ: പരീക്ഷണങ്ങളുടെ കടന്പകടന്ന തൃശൂർപൂരത്തിന് ഇക്കുറിയും നൂറിൽ നൂറുമേനി. ഏറെ വിഷമിപ്പിച്ച കണക്കിലും രസതന്ത്രത്തിലും നൂറു ശതമാനമാണ് വിജയം. മുഴുവൻ പ്രൗഢിയിലും എ പ്ലസ് നേടി “പൂരങ്ങളുടെ പൂരം’ എന്ന പട്ടവും തൃശൂർപൂരം അരക്കിട്ടുറപ്പിച്ചു. രാവിലെ ചെറുപൂരങ്ങളായെത്തിയ എട്ടു ഘടക ക്ഷേത്രങ്ങളും നൂറിൽ നൂറു മാർക്കും നേടി മഹാപൂരത്തിന് അരങ്ങുണർത്തി.
കന്നിപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ മഠത്തിൽ പഞ്ചവാദ്യവും, ഏറ്റവും കൂടുതൽ കലാകാരന്മാരെ പങ്കെടുപ്പിച്ച ഇലഞ്ഞിത്തറമേളവും ആസ്വാദക ഹൃദയങ്ങളിൽ ഗംഭീരവിജയമാണ് നേടിയത്. ആദ്യാവസാനം അത്യന്തം വീറും വാശിയും നിറഞ്ഞുനിന്ന കുടമാറ്റത്തിൽ തിരുവന്പാടിയും പാറമേക്കാവും വിജയം പങ്കിട്ടു. സാങ്കേതിക കാരണങ്ങളാൽ വൈകിയ വെടിക്കെട്ട് പരീക്ഷയിലും ഫലം അനുകൂലമാണ്.
പൂരപ്രേമികളുടെ ആവേശവും ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും അണുവിട തെറ്റാത്ത സമയക്രമവും പോലീസ് അടക്കമുള്ള അധികൃതരുടെ സുരക്ഷാസന്നാഹങ്ങളും ക്രമീകരണങ്ങളും തൃശൂർപൂരത്തിന്റെ നൂറുമേനിക്കു പ്രോത്സാഹനമായി.
ചെറുപൂരങ്ങൾ(8/8)
നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരവാതിലിലൂടെ വെയിലും മഞ്ഞുമേൽക്കാതെ കണിമംഗലം ശാസ്താവെത്തി വടക്കുന്നാഥനെ വണങ്ങിയതോടെ ശക്തന്റെ തട്ടകത്തിലും നടവഴികളിലും പൂരക്കിലുക്കം തുടങ്ങി. രാവിലെ ഏഴരയോടെ ഒന്പത് ആനകളുടെയും പാണ്ടിമേളത്തിന്റെയും, പഞ്ചവാദ്യത്തിന്റെയും അകന്പടിയോടെയാണ് ശാസ്താവ് വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളിയത്. ഓരോ ഘടകപൂരത്തിനും നിശ്ചയിച്ച സമയക്രമത്തിൽ യഥാക്രമം പനമുക്കുംപിള്ളി ശാസ്താവും, ചെന്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചുരക്കോട്ടുകാവ്, അയ്യന്തോൾ, നൈതലക്കാവ് ഭഗവതിമാരും തേക്കിൻകാട്ടിലെത്തി. ഇതോടെ തേക്കിൻകാടിനു ചുറ്റും പൂരവും പുരുഷാരവും നിറഞ്ഞുതുടങ്ങി.
മഠത്തിൽവരവ്, ഇലഞ്ഞിത്തറമേളം (100/100)
വിരലുകൾ തീർത്ത മേളവിസ്മയങ്ങൾക്ക് ഇക്കുറി ഒരുപാട് മാറ്റമുണ്ട്. തിരുവന്പാടിയുടെ പഞ്ചവാദ്യത്തിന് പ്രാമാണിത്വമേറ്റെടുത്ത കോങ്ങാട് മധു വാദ്യം ആവേശവും കൂടുതൽ ജനകീയവുമാക്കി. മധ്യകാലത്തിൽ തുടങ്ങിയ പഞ്ചവാദ്യം വേഗത്തിൽ കൂട്ടിപ്പെരുക്കലുകളിലേക്ക് നീങ്ങിയതോടെ ആസ്വാദകരും നിറഞ്ഞുതുളുന്പി. പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിച്ച പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം 24 കലാശം എന്ന പതിവുവിട്ട് 30 ഓളം കലാശം കൊട്ടിത്തീർത്തതു മേളചരിത്രത്തിലെ അപൂർവതയായി.
കുടമാറ്റം(30/30)
പ്രസിദ്ധമായ തെക്കോട്ടിറക്കത്തിനുശേഷം ആവേശം കുടഞ്ഞെറിഞ്ഞാണ് വാനിലേക്ക് വർണത്തേരുകൾ ഇറങ്ങിയത്. തിരുവന്പാടി-പാറമേക്കാവ് വിഭാഗങ്ങൾ സ്പെഷലുകൾ അടക്കം 30ഓളം സെറ്റ് കുടകളാണ് മത്സരത്തിൽ പുറത്തെടുത്തത്.
വിജയം, തനിയാവർത്തനം
രാത്രിയിൽ പകൽപ്പൂരങ്ങളുടെ തനിയാവർത്തനം. പുലർച്ചെ, ആകാശം പങ്കിട്ടെടുത്ത് തിരുവന്പാടിയും പാറമേക്കാവും ഒരുക്കുന്ന കരിമരുന്നുപൂരം. ഇന്നുച്ചയ്ക്കു തൃശൂർക്കാരുടെ പകൽപ്പൂരം. ഭഗവതിമാർ അടുത്തവർഷം കാണാമെന്ന വാഗ്ദാനത്തോടെ ഉപചാരം ചൊല്ലി പിരിയുന്നതോടെ മഹാപൂരത്തിനു പ്രൗഢഗംഭീര പരിസമാപ്തി.