തൃശൂർ: പകൽ സമയങ്ങളിലെ ആന എഴുന്നളളിപ്പുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവ് തൃശൂർ പൂരത്തിന് തടസമാകില്ലെന്ന പ്രതീക്ഷയിൽ ദേവസ്വങ്ങൾ. എങ്കിലും ഉത്തരവ് കർശനമായി പാലിക്കാൻ അധികൃതർ നിർബന്ധിതരായാൽ പകൽ സമയത്തെ പൂരം എഴുന്നള്ളിപ്പുകൾ തടസമില്ലാതെ നടത്താൻ ദേവസ്വങ്ങൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശൂർ പൂരം എഴുന്നള്ളിപ്പുകൾക്ക് തടസം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് തിരുവന്പാടിപാറമേക്കാവ് ദേവസ്വങ്ങൾ.
മന്ത്രിമാരടക്കമുള്ളവർ പൂരം തടസമില്ലാതെ നടത്താൻ അവസരമൊരുക്കുമെന്ന് വാക്കുപറഞ്ഞിട്ടുള്ളതും ദേവസ്വങ്ങൾക്ക് ആശ്വാസമേകുന്നു. വേനൽചൂടിൽ ആനകളെ പകൽ 10നും വൈകീട്ട് നാലിനുമിടയിൽ എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് വന്നത്. ഈ സമയം ഒഴിവാക്കി എഴുന്നളളിപ്പ് പുന: ക്രമീകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ആനയെഴുന്നളളിപ്പുകളിൽ നല്ലൊരു പങ്കും ഈ സമയത്തിനിടയിലാണ്.
ഇത് പുന: ക്രമീകരിക്കുക അസാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവന്പാടിയുടെ മഠത്തിൽ വരവ്, പാറമേക്കാവ് പുറപ്പാട്, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, ചെറുപൂരങ്ങൾ, പിറ്റേദിവസത്തെ പകൽപ്പൂരം, ഉപചാരം ചൊല്ലിപിരിയിൽ എന്നിവയെല്ലാം പകൽ പത്തിനും വൈകീട്ട് നാലിനുമിടയിലാണ് തൃശൂർ പൂരത്തിൽ നടക്കുക. ഇവയുടെയൊന്നും സമയക്രമം മാറ്റുക സാധ്യമാകാത്ത കാര്യമാണ്.
ചിട്ടവട്ടങ്ങളും ആചാരങ്ങളും പാലിച്ചാണ് പൂരങ്ങളുടെയും എഴുന്നള്ളിപ്പുകളുടേയും സമയക്രമമമെന്നും അത് പുന: ക്രമീകരിക്കാൻ ബുദ്ധിമുട്ടാണെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻപറഞ്ഞു. ഇക്കാര്യങ്ങൾ വനംവകുപ്പ് അധികൃതരുടേയും സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തുമെന്നും സതീഷ്മേനോൻ പറഞ്ഞു.
പ്രശ്നങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നും ആനകളെ വെയിലത്ത് എഴുന്നളളിക്കുന്പോൾ കൈക്കൊള്ളേണ്ട എല്ലാ മുൻകരുതൽസുരക്ഷ സജ്ജീകരണങ്ങളും വെയിലേറ്റ് ക്ഷീണിക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങളും എല്ലാ വർഷവും പൂരത്തിന് ഒരുക്കാറുണ്ടെന്നും തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം.മാധവൻകുട്ടി പറഞ്ഞു. ഏതെങ്കിലും തരത്തിൽ പകൽ എഴുന്നള്ളിപ്പുകൾ തടസപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് തോന്നുന്ന പക്ഷം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
2013 മുതൽ ഈ ഉത്തരവ് നിലവിലുണ്ടെന്നും ഇപ്പോഴതിന്റെ സമയം ദീർഘിപ്പിക്കുകയാണുണ്ടായതെന്നും മാധവൻകുട്ടി പറഞ്ഞു. തൃശൂർ പൂരത്തിന് പകൽ സമയത്ത് എഴുന്നള്ളിക്കുന്ന ആനകൾക്ക് ആവശ്യാനുസരണം വെള്ളവും വെള്ളരിയും തണ്ണീർമത്തനുമടക്കം ശരീരത്തിന്റെ ചൂട് ശമിപ്പിക്കാനും ദാഹം ശമിപ്പിക്കാനും വേണ്ടതെല്ലാം യഥേഷ്ടം കൊടുക്കാറുണ്ട്. ടാറിട്ട റോഡിലൂടെയുള്ള എഴുന്നള്ളിപ്പ് സമയത്ത് ആനകൾ നിൽക്കുന്നതിനു മുകളിൽ പച്ച വല കൊണ്ട് മറച്ച് വെയിൽ തട്ടാതെ ശ്രദ്ധിക്കാറുണ്ട്.
ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്ന് ആനകൾ നിൽക്കുന്നിടത്ത് റോഡിലൊഴിച്ച് ചൂട് കുറയ്ക്കാറുമുണ്ട്.18ന് തിരുവനന്തപുരത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് സൂചന. തൃശൂർ പൂരമടക്കമുള്ള ഉത്സവാഘോഷ പൂരങ്ങളുടെ കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ചയ്ക്ക് വരുമെന്ന് കരുതുന്നു.