സ്വന്തം ലേഖകൻ
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം മെയ് 13, 14 തിയതികളിൽ ആഘോഷിക്കും. പ്രളയം കഴിഞ്ഞെത്തുന്ന ആദ്യത്തെ പൂരമെന്ന പ്രത്യേകതയും ഇത്തവണത്തെ പൂരത്തിനുണ്ട്. വെടിക്കെട്ടുകൾക്കും ആന എഴുന്നള്ളിപ്പുകൾക്കും യാതൊരു തടസവും ഇത്തവണയുണ്ടാകില്ലെന്ന് തിരുവനന്തപുരത്ത് നടന്ന മന്ത്രിതലയോഗത്തിൽ തീരുമാനമായിട്ടുണ്ട്.
തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പൂരത്തിന് രണ്ടര മാസം മുന്പു തന്നെ യോഗം വിളിച്ചത്. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീൻ, കെ. രാജൻ എംഎൽഎ, ജില്ലാ കളക്ടർ ടി.വി. അനുപമ, റേഞ്ച് ഐജി എം.ആർ. അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, അസിസ്റ്റൻറ് കമ്മീഷണർ വി.കെ. രാജു, ഡെപ്യൂട്ടി കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. വേണുഗോപാൽ, തിരുന്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ പ്രഫ. എം. മാധവൻകുട്ടി, രാജേഷ് മേനോൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തൃശൂർ പൂരം വെടിക്കെട്ട് നിയമം പാലിച്ചുകൊണ്ട് തനിമയും പ്രൗഢിയും നിലനിർത്തി നടത്താൻ യോഗത്തിൽ ധാരണയായി. സാന്പിൾ വെടിക്കെട്ട്, പൂരത്തിന്റെ മുഖ്യ ആകർഷണമായ പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, പൂരപ്പിറ്റേന്നുള്ള വെടിക്കെട്ട് തുടങ്ങിയവ കഴിഞ്ഞ വർഷത്തേതുപോലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് നടത്തും.
മുൻ വർഷങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തേതന്നെ വെടിക്കെട്ടുസംബന്ധമായ കാര്യങ്ങൾക്കു ചീഫ് കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനു തീരുമാനിച്ചു. വെടിക്കെട്ട് നടത്തുന്നവർക്കും വെടിക്കെട്ട് ഒരുക്കുന്നവർക്കും ഡെപ്യൂട്ടി കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിൽ സാങ്കേതിക പരിശീലനം നൽകും.
തൃശൂർ പൂരത്തിനു പുറമേ മറ്റു പൂരങ്ങൾ, പെരുന്നാളുകൾ എന്നിവയുടെ ചെറിയ തോതിൽ നടത്തുന്ന വെടിക്കെട്ടുകൾക്ക് അംഗീകൃത വെടിക്കോപ്പുകൾ നിശ്ചിത മാനദണ്ഡങ്ങൾക്കു വിധേയമായി ഉപയോഗിക്കുന്നതിനു ജില്ലാ കളക്ടർ അനുമതി നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.