സ്വന്തം ലേഖകൻ
തൃശൂർ: ശബ്ദ തീവൃത കുറച്ചും വർണചാരുത വിരിയിച്ചും പരമ്പരാഗത രീതിയിലുള്ള തൃശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അനുമതി നൽകി. നാളെ വൈകുന്നേരം ഏഴു മണിയോടെയാണു സാന്പിൾ വെടിക്കെട്ട്. ഉപാധികളോടെയാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാവൂ.
കുഴിമിന്നി നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും വലുതാകാൻ പാടില്ല.. ഡൈനയ്ക്ക് അനുമതിയില്ല. ഓലപ്പടക്കം പൊട്ടിക്കാം. അനുമതി ലഭിച്ചതോടെ ഇരു ദേവസ്വങ്ങളും സാന്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ ആരംഭിച്ചു. വെടിക്കെട്ടിനുള്ള അനുമതി ഇല്ലാതിരുന്നതുമൂലം പൂരം കൊടിയേറ്റം നാളിൽ പരന്പരാഗത വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
നാളെ വൈകുന്നേരം നടക്കുന്ന സാന്പിൾ വെടിക്കെട്ട് ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തിരുവന്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ. എക്സ്പ്ലോസീവ്സ് വിഭാഗവും മറ്റു ഉദ്യോഗസ്ഥരുമെല്ലാം സാന്പിൾ വെടിക്കെട്ട് സസൂക്ഷ്മം വീക്ഷിക്കുമെന്നുറപ്പ്. പ്രതിഷേധിച്ചും നിവേദനം നൽകിയും അഭ്യർത്ഥനകൾ നടത്തിയും നേടിയെടുത്ത സാന്പിൾ വെടിക്കെട്ടൊരുക്കാൻ വളരെ കുറച്ചു സമയമേ ഇരുകൂട്ടർക്കും ലഭിച്ചുള്ളുവെങ്കിലും കരിമരുന്നിന്റെ പൂരമൊരുക്കാൻ അതൊന്നും തടസമാകില്ലെന്ന് ഇരുദേവസ്വങ്ങളും പറയുന്നു.
സർക്കാരും ബന്ധപ്പെട്ട ഏജൻസികളും മുന്നോട്ടുവെച്ചതും അംഗീകരിച്ചതുമായ നിബന്ധനകളും ഉപാധികളുമൊക്കെ പാലിച്ചായിരിക്കും സാന്പിൾ വെടിക്കെട്ട് നടത്തുക. ഇതിൽ ഏതെങ്കിലും ലംഘനം നടന്നാൽ അത് പ്രധാന വെടിക്കെട്ടിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ എല്ലാ നിബന്ധനകളും ചട്ടങ്ങളും സാന്പിളിലും പ്രധാന വെടിക്കെട്ടിലും പാലിക്കും. വരും വർഷങ്ങളിലും പൂരം വെടിക്കെട്ട് തടസങ്ങളില്ലാതെ നടത്തണമെന്നതിനാൽ പ്രധാന വെടിക്കെട്ടും ഉപാധികൾക്കു വിധേയമായിട്ടാകും നടത്തുക.
സാന്പിളും പൂരം വെടിക്കെട്ടും കാണാൻ ദുരെദിക്കുകളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിനു വെടിക്കെട്ട് കന്പക്കാരെ നിരാശരാക്കില്ലെന്നാണ് പ്രതീക്ഷ. സാന്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് തൃശൂർ നഗരത്തിലും സ്വരാജ് റൗണ്ടിലും വെടിക്കെട്ട് നടത്തുന്ന തേക്കിൻകാട് മൈതാനത്തും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് രെുക്കിയിട്ടുള്ളത്. ആധുനിക യന്ത്രസജ്ജീകരണങ്ങളടക്കം പോലീസിന്റെ കനത്ത സുരക്ഷ വലയത്തിലാണ് തൃശൂർ.
കേന്ദ്രസർക്കാരിന്റെയും കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗത്തിന്റെയും കർശന നിരീക്ഷണമുള്ളതിനാൽ വളരെ സൂക്ഷ്മതയോടെയാണ് സംസ്ഥാന സർക്കാരും പൂരം സംഘാടകരും മുന്നോട്ടുപോകുന്നത്.ഇക്കുറി പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക. നാളെ വൈകീട്ട് ഏഴിന് സാന്പിൾ വെടിക്കെട്ട് ആരംഭിക്കും.
മൂന്നു ഘട്ടമായിട്ടാണ് സാധാരണഗതിയിൽ സാന്പിൾ വെടിക്കെട്ട് നടത്താറുള്ളത്. ആദ്യം ഗുണ്ടുകളും പിന്നീട് അമിട്ടുകളും ഏറ്റവുമൊടുവിൽ ശബ്ദതീവ്രത കൂടിയ ഇനങ്ങളുമാണ് പൊട്ടിക്കാറുള്ളത്. ഇത്തവണത്തെ രീതി രണ്ടുകൂട്ടരും വ്യക്തമാക്കിയിട്ടില്ല. ഓലപ്പടക്കം കൂടി ഉൾപ്പെടുത്തി പൂരത്തിന്റെ പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിൽ സാന്പിളും നടത്താനാണു സാധ്യത.