തൃശൂർ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചു. ആചാരപ്രകാരമുള്ള സമയത്തുതന്നെ വെടിക്കെട്ട് നടത്താമെന്നും കോടതി ഉത്തരവിട്ടു. പടക്കത്തിനും സമയത്തിനും കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്.
രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്. അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു. വെടിക്കെട്ടിനു അനുമതി തേടി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്.
ക്ഷേത്ര ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇളവ് നൽകണമെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരും നിയന്ത്രണം നീക്കുന്നതിനെ അനുകൂലിച്ചു.