തൃശൂർ: ട്രെയിൻ വിടാൻ സിഗ്നൽ നൽകിയശേഷം കോച്ചിൽ കയറിയ ഗാർഡിനുനേരെ ഗാർഡ് റൂമിലെ കൂട്ടിലുണ്ടായിരുന്ന പട്ടി കുരച്ചുചാടി. ഭയന്നു പിറകോട്ടു നീങ്ങിയ ഗാർഡ് ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു താഴേയ്ക്കു വീണു.
വാതിലിനോട് ചേർന്ന കന്പിയിൽ പിടിച്ചുതൂങ്ങിയ ഗാർഡിനെയും വലിച്ചിഴച്ച് ട്രെയിൻ മുന്നോട്ടു നീങ്ങി.
തൊട്ടുമുന്നിലെ കോച്ചിലുണ്ടായ ഹിന്ദിക്കാരൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതിനാൽ ഗാർഡ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഷൊർണൂരിൽനിന്ന് ഡ്യൂട്ടിക്കു കയറിയ ഗാർഡ് രാമമൂർത്തിയാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചയോടെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന പരശുറാം എക്സ്പ്രസിലാണ് സംഭവം.
ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ ഗുഡ്സ് കംപാർട്ട്മെന്റിൽനിന്ന് വേഗത്തിൽ സാധനങ്ങൾ ഇറക്കാനും കയറ്റാനും നിർദേശം നൽകുകയായിരുന്നു രാമമൂർത്തി. ട്രെയിൻ വിടാറായപ്പോഴാണ് തമിഴ്നാട് സ്വദേശിയായ യുവതി ഗാർഡിന്റെ കോച്ചിൽ പട്ടിയുള്ള കൂട് കയറ്റിയത്. കൂട് നന്നായി പൂട്ടിയിരുന്നില്ല.
ട്രെയിൻ വിടാൻ വയർലസിലൂടെ നിർദേശം നൽകിയശേഷം കോച്ചിൽ കയറിയ രാമമൂർത്തിക്കു നേരെ പട്ടി കുരച്ചുചാടുകയായിരുന്നു. അവിചാരിതമായി പട്ടിയുടെ കുരകേട്ട് പേടിച്ചുപോയതോടെ രാമമൂർത്തി പിന്നോട്ടേക്കു ചായുന്നതിനിടയിൽ താഴേക്കു വീഴുകയായിരുന്നു.
ട്രാക്കിൽനിന്ന് കാൽ താഴേക്കിടാതെ സൂക്ഷിച്ചെങ്കിലും മുട്ട് പ്ലാറ്റ്ഫോമിൽ ഉരഞ്ഞു.ക്ഷീണിതനായ രാമമൂർത്തിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. അരമണിക്കൂറിനുശേഷം പകരം മറ്റൊരു ഗാർഡിനെ നിയോഗിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്.