തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാളം  കടക്കേണ്ട… രണ്ടാം പ്രവേശന കവാടത്തിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് നടപ്പാലം

സ്വ​ന്തം​ ലേ​ഖ​ക​ൻ
തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ഗ​മേ​റു​ന്നു. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽനി​ന്നു ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലേ​ക്കു നി​ല​വി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള വീ​തികൂ​ടി​യ ന​ട​പ്പാ​ലം ര​ണ്ടാ​മ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്കു നീ​ട്ടാ​ൻ അ​നു​മ​തി​യാ​യി. ഇ​തോ​ടെ ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കു സ്റ്റേ​ഷ​നി​ലെ ഏ​തു പ്ലാ​റ്റ്ഫോ​മി​ലേ​ക്കും എ​ത്താ​ൻ സൗ​ക​ര്യ​മാ​യി.

ഇ​പ്പോ​ൾ ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ വ​ന്നു ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കു​മൊ​ക്കെ റെ​യി​ൽ​വേ പാ​ളം മു​റി​ച്ചുക​ട​ന്ന് പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ചാ​ടി​ക്ക​യ​റി വേ​ണം എ​ത്താ​ൻ. പ്രാ​യ​മാ​യ​വ​രും ല​ഗ്ഗേ​ജു​ക​ളു​മാ​യി വ​രു​ന്ന​വ​രും ഏ​റെ പാ​ടു​പെ​ട്ടാ​ണ് ട്രെ​യി​ൻ ക​യ​റാ​നെ​ത്തു​ന്ന​ത്. ന​ട​പ്പാ​ലം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്കു നീ​ട്ടു​ന്ന​തോ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​കും.

ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ടെൻഡർ ന​ട​പ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ര​ണ്ടുമാ​സ​ത്തി​നു​ള്ളി​ൽത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ട​പ്പാ​ലം നീ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നു തി​രു​വ​ന​ന്ത​പു​രം ഡി​ആ​ർ​എം വ​ഴി ദ​ക്ഷി​ണ റെ​യി​ൽ​വേ​ ചെ​ന്നൈ ഡിവിഷനാണ് അ​നു​മ​തി ന​ൽ​കി​യ​ത്.

വ​രു​മാ​ന​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​ന്ന നി​ല​യി​ൽ യാ​ത്ര​ക്കാ​ർ​ക്കു വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും ല​ഭ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. ക​ഴി​ഞ്ഞദി​വ​സം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്കു സ​ഞ്ച​രി​ക്കാ​നു​ള്ള ബാ​റ്റ​റി വാ​ഹ​ന​മാ​യ “ബ​ഗ്ഗി’ എ​ത്തി​യി​രു​ന്നു.

ര​ണ്ടു വാ​ഹ​ന​ങ്ങ​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്കു മു​പ്പ​തുരൂ​പ ന​ൽ​കി​യാ​ൽ ട്രെ​യി​ൻ ക​യ​റേ​ണ്ട സ്ഥ​ല​ത്ത് എ​ത്തി​ക്കും. എ​സ്ക​ലേ​റ്റ​ർ, ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്. പ​ക്ഷേ, ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്ക് ഇ​തുവ​രെ ഒ​രു സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ല. ന​ട​പ്പാലം ര​ണ്ടാംക​വാ​ട​ത്തി​ലേ​ക്കു നീ​ട്ടു​ന്ന​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​കും.

ഭാ​വി​യി​ൽ ര​ണ്ടാംക​വാ​ട​ത്തി​ലും ലി​ഫ്റ്റ് സൗ​ക​ര്യ​മു​ണ്ടാ​കും. ഇ​പ്പോ​ൾ അ​നു​മ​തി നല്കിയി​രി​ക്കു​ന്ന​തി​ൽ ലി​ഫ്റ്റ് സൗ​ക​ര്യ​മി​ല്ല.

Related posts