സ്വന്തം ലേഖകൻ
തൃശൂർ: എഴുപതു നടപ്പായി എന്നു നാട്ടുഭാഷയിൽ പറയാം, നമ്മടെ തൃശൂരിന്. ഏതോ സോപ്പിന്റെ പരസ്യംപോലെ, കണ്ടാൽ പ്രായം തോന്നില്ല. ഓരോ ദിവസം കഴിയുംതോറും തൃശൂരിനു പ്രായം കുറഞ്ഞുകുറഞ്ഞുവരികയാണ്.
ചെറുപ്പത്തിന്റെ നിറവാണ് എഴുപതിലും തൃശൂരിന്. മധ്യകേരളത്തിൽ തലയെടുപ്പോടെ നിൽക്കുന്ന തൃശൂർ പഴമയും പുതുമയും ഒരുപോലെ ഹൃത്തടത്തിലാവാഹിച്ചു നിൽക്കുന്ന ജില്ലയാണ്.
ലോകത്തെ വിസ്മയിപ്പിക്കുന്ന തൃശൂർ പൂരം, ജനലക്ഷങ്ങളെ ആകർഷിക്കുന്ന പുലിക്കളി, തൃശൂരിനു മാത്രം സാധിക്കുന്ന ബോണ് നത്താലെ തുടങ്ങി തൃശൂരിന്റെ മാത്രം സവിശേഷതകൾ ഏറെ.
പൂരങ്ങടെ പൂരമുള്ളോരു നാട് നമ്മുടെ നാട്
ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഉൗര്
ഇപ്പറഞ്ഞ നാടിന് കരയേഴുമൊട്ടുക്ക് പേര്
കാണണങ്കി കാണണം ഗഡി തൃശിവപേരൂര്…
തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ 1949 ജൂലൈ ഒന്നിനാണ് കൊച്ചിയിലെ ആറു താലൂക്കുകളും തിരുവിതാംകൂറിലെ കോട്ടയം ഡിവിഷനിൽപെട്ട പറവൂർ, കുന്നത്തുനാട് താലൂക്കുകളും ചേർത്ത് തൃശൂർ ജില്ല രൂപീകൃതമായത്. കൊച്ചി-കണയന്നൂർ, കൊടുങ്ങല്ലൂർ, മുകുന്ദപുരം, തൃശൂർ, തലപ്പിള്ളി, ചിറ്റൂർ എന്നിവയായിരുന്നു അന്നു തൃശൂരിനൊപ്പമുണ്ടായിരുന്ന താലൂക്കുകൾ.
ഇന്ന് താലൂക്കുകൾ തൃശൂർ, ചാവക്കാട്, കുന്നംകുളം, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവയാണ്. കുന്നംകുളമാണ് ഏറ്റവുമൊടുവിൽ രൂപീകൃതമായ താലൂക്ക്. ജില്ല രൂപീകരിക്കുന്പോഴുണ്ടായിരുന്ന താലൂക്കുകളിൽ ചിലതെല്ലാം പിന്നീട് എടുത്തുമാറ്റുകയും ചെയ്തു. സമീപ ജില്ലകളായ എറണാകുളവും മലപ്പുറവും പാലക്കാടും തൃശൂരിന്റെ ജില്ലാ അതിർത്തികൾ പങ്കിടുന്പോൾ കൂട്ടത്തിൽ വാൽപ്പാറ ഭാഗം തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ ഗുരുവായൂർ, ഉയരങ്ങളിലെ മഹാത്ഭുതങ്ങളിലൊന്നായ പുത്തൻപള്ളിയിലെ ബൈബിൾ ടവർ, ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് എന്നിവയെല്ലാം തൃശൂർ ജില്ലയിലാണ്.
ഗുരുവായൂരിലെ പുന്നത്തൂർ കോട്ട ആനത്താവളം, കേരളീയ കലകളുടെ പഠനഗവേഷണകേന്ദ്രമായ കേരള കലാമണ്ഡലം, ആരോഗ്യസർവകലാശാല, കേരള കാർഷിക സർവകലശാല, അമല, ജൂബിലി തുടങ്ങിയ പ്രമുഖ മെഡിക്കൽ കോളജുകൾ, കേരള പോലീസ് അക്കാദമി, സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ അതിരപ്പിള്ളി, വാഴച്ചാൽ, പീച്ചി, സജ്ജമായിക്കൊണ്ടിരിക്കുന്ന പുത്തൂർ മൃഗശാല, വടക്കുന്നാഥ ക്ഷേത്രമടക്കം വിവിധ ദേവാലയങ്ങൾ, പാലയൂർ പള്ളി, കേരളത്തിലെ ആദ്യത്തെ തുരങ്കപ്പാതയായ കുതിരാൻ തുരങ്കപ്പാത, കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാത, ശക്തൻ പാലസ്, അണക്കെട്ടുകളായ പെരിങ്ങൽകുത്തും വാഴാനിയും പൂമലയും, വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം തുടങ്ങി തൃശൂരിന്റെ സവിശേഷതകൾ പറഞ്ഞാൽ തീരില്ല.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-കലാ-സാഹിത്യമണ്ഡലങ്ങളിൽ തൃശൂരിന്റെ കയ്യൊപ്പു പതിപ്പിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ മഹാപ്രതിഭകളേറെ. പട്ടും പുടവയും കച്ചവടം ചെയ്യുന്ന പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ. വാണിജ്യ വ്യവസായ ഭൂപടത്തിൽ എന്നും തൃശൂരിനുണ്ട് പ്രമുഖ സ്ഥാനം.
എഴുപതിന്റെ നിറവിലെത്തിയ തൃശൂരിനെക്കുറിച്ച് ഇനിയുമേറെയുണ്ട് പറയാൻ…പക്ഷേ പുണ്യാളൻ അഗർബത്തീസിലെ രണ്ടു വരികളോടെ നിർത്താം…
എത്ര പറഞ്ഞാലും പറയാത്തതൊത്തിരി വേറെ
പോകണങ്കി പോകണം ഗഡി തൃശിവപേരൂര്…