സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ യാത്ര കഠിനം. തകർന്നു തരിപ്പണമായ ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് പ്രതിദിനം അങ്ങോട്ടുമിങ്ങോട്ടു കടന്നുപോകുന്നത്.തൃശൂർ ജില്ല ആശുപത്രിയിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് അടിയന്തിരമായി എത്തിക്കേണ്ട രോഗികളെയും കൊണ്ട് വരുന്ന ആംബുലൻസുകൾക്ക് ഇതുവഴി പോകാൻ കഴിയാത്ത സ്ഥിതിയാണ്.
വളരെ പതുക്കെ മാത്രമേ ഇതുവഴി പോകാൻ കഴിയുന്നുള്ളു. അനുവദിക്കപ്പെട്ട സ്പീഡിൽ പോലും വണ്ടികൾ ഓടിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. അത്താണി മുതൽ വാഴക്കോട് വരെ റോഡ് തകർന്നിരിക്കുകയാണ്. ഇതിൽ കുറാഞ്ചേരി കഴിയുന്നതോടെ യാത്ര തീർത്തും ദുരിതമായിരിക്കുകയാണ്. ഇവിടെ ടാറിംഗിനുവേണ്ടി റോഡ് പണി തുടങ്ങിയിട്ടുണ്ടെങ്കിലും ഇനി മഴ കഴിയാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്.
മിണാലൂർ പ്രദേശത്ത് ഒരു മാസം മുൻപ് ടാറിംഗ് പണികൾ പൂർത്തിയാക്കിയ റോഡും തകർന്നു. റോഡിനിരുവശത്തുമുള്ള തെരുവുവിളക്കുകൾ കത്താത്തത് മൂലം രാത്രിയിൽ അപകടങ്ങളും ഇടക്കിടെയുണ്ടാകാറുണ്ട്. കുഴികളിൽ പെടാതെ വണ്ടികൾ വെട്ടിച്ചെടുക്കുന്നത് അപകടങ്ങളുണ്ടാക്കുന്നുണ്ട്.
മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞും അപകടങ്ങൾ പതിവായി. തൃശൂർ – പാലക്കാട് റൂട്ടിൽ കുതിരാൻ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്പോൾ പല വണ്ടികളും ഒറ്റപ്പാലം-ഷൊർണൂർ-വടക്കാഞ്ചേരി വഴിക്ക് തൃശൂർക്ക് വരുന്നുണ്ട്. വലിയ കണ്ടൈനറുകളടക്കം ഇത്തരത്തിൽ ഇതുവഴി വരുന്നുണ്ട്. പലപ്പോഴും ഗതാഗതക്കുരുക്കും ഇവിടെയുണ്ടാകാറുണ്ട്.