സ്വന്തം ലേഖകൻ
സ്ഥലം തൃശൂർ കെഎസ്ആർടിസി-റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്തെ തട്ടുകട സമയം രാത്രി 11.30.മൂന്നു കോഴിമുട്ടകൊണ്ടുള്ള കൊത്തിപ്പൊരിയും ഒരു ചായയും കഴിച്ച് പൈസ കൊടുക്കാനെത്തിയ ഞങ്ങളുടെ ലേഖകനോട് തട്ടുകടക്കാരൻ ആവശ്യപ്പെട്ടത് 70 രൂപ.എന്താണ് ഇത്രയും വിലക്കൂടുതലെന്ന് ചോദിച്ചപ്പോൾ എല്ലായിടത്തും ഇതുതന്നെയാണ് ചാർജെന്ന് മറുപടി. തൊട്ടപ്പുറത്തെ തട്ടുകടയിൽ ഇത്രയും വിലയില്ലല്ലോ എന്ന് തിരിച്ചു പറഞ്ഞപ്പോൾ തട്ടുകടക്കാരന്റെ ഭാവം മാറി. പിന്നെ വെല്ലുവിളിയായി.
എങ്ങിനെയാണ് 70 രൂപ ആകുന്നതെന്ന് എത്ര ചോദിച്ചിട്ടും കൃത്യമായി മറുപടി നൽകാതെ അയാൾ 70 രൂപ തന്നെ കിട്ടണമെന്ന് നിർബന്ധം പിടിച്ചുനിന്നു. തട്ടുകടയിലുണ്ടായിരുന്നവരാരും പ്രതികരിക്കാൻ കൂട്ടാക്കാതെ വേഗം ഭക്ഷണം കഴിച്ച് അയാൾ ചോദിച്ച പൈസയും കൊടുത്ത് സ്ഥലം കാലിയാക്കുന്നുണ്ടായിരുന്നു.ഒടുവിൽ വേറെ മാർഗമില്ലാതെ അയാൾ ചോദിച്ച 70 രൂപ കൊടുത്ത് തട്ടുകടയിൽ നിന്നിറങ്ങുന്പോൾ സാധാരണക്കാരനെ കൊത്തിപ്പൊരിച്ച ഭാവമായിരുന്നു തട്ടുകടക്കാരന്റെ മുഖത്ത്…
ഇത് വെറും കഥയോ ഭാവനയോ അല്ല. ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ ലേഖകന് തൃശൂരിലെ ഒരു തട്ടുകടയിൽ നിന്നുണ്ടായ ദുരനുഭവമാണ്. രാത്രിയിൽ ഹോട്ടലുകളെല്ലാം അടച്ചു കഴിയുന്പോൾ സാധാരണക്കാരും രാത്രി യാത്രക്കാരുമെല്ലാം ആശ്രയിക്കുന്ന നഗരത്തിലെ തട്ടുകടകളിൽ ചിലതെല്ലാം അമിത തുക ഈടാക്കി സാധാരണക്കാരനെ പിഴിയുകയാണ്.
ആരും ചോദിക്കാനോ പറയാനോ തർക്കിക്കാനോ നിൽക്കാതെ തട്ടുകടക്കാർ ചോദിക്കുന്ന പണം നൽകി വേഗം സ്ഥലംവിടുന്നതുകൊണ്ട് ചില തട്ടുകടക്കാർ തോന്നിയപോലെയാണ് ഭക്ഷണത്തിനു നിരക്ക് ഈടാക്കുന്നത്.അമിത വില ചോദ്യം ചെയ്താൽ പോലും അതിനെ കൂസാതെ പണം കിട്ടിയേ തീരു എന്ന നിലപാടെടുത്ത് കൈയേ റ്റത്തിനു വരെ മുതിരുന്നവർപോലും നഗരത്തിലുണ്ട്. മൂന്നു കോഴിമുട്ടയുടെ കൊത്തിപ്പൊരിക്ക് 60 രൂപ എങ്ങിനെയാകുമെന്നു ചോദിച്ചപ്പോൾ അതൊക്കെ അത്രയാകുമെന്ന ഒഴുക്കൻ മറുപടിയാണ് കടക്കാരൻ തന്നത്.
പൈസ എത്രയാകുമെന്നു ചോദിച്ചിട്ടു കഴിച്ചാൽ മതിയായിരുന്നില്ലേ എന്ന പരിഹാസവും കൂട്ടത്തിലുണ്ടായി.സാധാരണയായി തട്ടുകടകളിൽ ഡബിൾ ഓംലറ്റിന് 25 രൂപയാണ് ഈടാക്കുക. മൂന്നു മുട്ട ഉപയോഗിക്കുന്പോൾ ഒരു മുട്ടയ്ക്ക് 15 രൂപ വച്ചാണെങ്കിൽപോലും 45 രൂപയേ ചിലർ ഈടാക്കാറുള്ളു. ഈ സ്ഥാനത്താണ് 60 രൂപവരെ ചിലർ ഈടാക്കുന്നത്. വിലവിവരപ്പട്ടിക ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകൾ രാത്രികളിൽ നഗരത്തിലെത്തുന്ന സാധാരണക്കാരുടെ ആശ്രയമാണ്.
ചില തട്ടുകടക്കാരുടെ ചൂഷണം മൂലം ഹോട്ടലിൽനിന്നു കഴിക്കുന്ന തുക തന്നെ തട്ടുകടയിലും കൊടുക്കേണ്ട സ്ഥിതിയാണ് നഗരത്തിലുണ്ടാവുന്നത്. വിലവിവരപ്പട്ടിക ഇല്ലെങ്കിലും വൃത്തിഹീനമായ ചുറ്റുപാടിൽ അനാരോഗ്യകരമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചാലും ചായയും ഭക്ഷണവും രാത്രി കിട്ടുമെന്നതുകൊണ്ട് പാവപ്പെട്ടവരും സാധാരണക്കാരുമാണ് കൂടുതലായി തട്ടുകടകളെ ആശ്രയിക്കുന്നത്.
തട്ടുകടകൾ അമിത വില ഈടാക്കുന്നതിനെതിരെ പരാതിപ്പെടാൻ ആരും തയ്യാറാവുന്നില്ല. രാത്രിയിൽ എവിടെ നിന്നൊക്കെയോ ഈ നഗരത്തിലെത്തി എവിടേക്കോ പോകുന്ന തിരക്കിനിടയിൽ കിട്ടുന്ന ഭക്ഷണം ചോദിച്ച വിലയ്ക്ക് വാങ്ങിക്കഴിച്ച് വേഗം സ്ഥലംവിടാനാണ് എല്ലാവരും ശ്രമിക്കുന്നത്. തൃശൂർ കോർപറേഷൻ അധികൃതരാണ് ചില തട്ടുകടക്കാർ നടത്തുന്ന ഈ ചൂഷണത്തിനെതിരെ നടപടിയെടുക്കേണ്ടത്. എല്ലാ തട്ടുകടകളിലും ഒരേ നിരക്ക് നിർബന്ധമാക്കി സാധാരണക്കാരെ പിഴിയുന്നത് ഒഴിവാക്കാനാണ് നടപടി വേണ്ടത്.