പോൾ മാത്യു
തൃശൂർ: നഗരത്തിലേക്ക് പുതിയ വാഹനങ്ങൾ കൂട്ടത്തോടെ കുതിച്ചെത്തുന്നു. തൃശൂർ നഗരത്തിന് താങ്ങാവുന്നതിലും നാലിരട്ടിയായാണ് പുതിയവാഹനങ്ങൾ നിരത്തിലേക്ക് ഒഴുകുന്നത്. തൃശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ മാത്രം കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 83,531 വാഹനങ്ങളാണ് പുതിയതായി രജിസ്ട്രേഷൻ നടത്തിയത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് രണ്ടു വർഷത്തിനുള്ളിൽ 37,602 പുതിയ ഇരുചക്ര വാഹനങ്ങളാണ് രജിസ്ട്രേഷൻ നടത്തിയത്. 12,665 കാറുകളും പുതിയതായി നിരത്തിലിറങ്ങി.
മറ്റു സബ് ഓഫീസുകളിലും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടക്കുന്നുണ്ട്. തൃശൂരിനു പുറമേ ഇരിങ്ങാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ചാലക്കുടി സബ് ഓഫീസുകളിലാണ് പുതിയ വാഹന രജിസ്ട്രേഷൻ നടത്തുന്നത്. തൃശൂർ ആർടി ഓഫീസിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലാണ് ഇത്രയും വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്തിയത്.
2014 മാർച്ച് 31 മുതൽ 2017 മാർച്ച് 17 വരെയുള്ള കണക്കാണിത്. 2017 ഡിസംബർ എത്തിയതോടെ നിരത്തിലിറങ്ങിയ പുതിയ വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികമായി. ഈ വർഷം പകുതിയാകുന്നതിനു മുന്പ് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒന്നര ലക്ഷം കവിയും.
ദിനം പ്രതി നൂറുകണക്കിന് പുതിയ വാഹനങ്ങളാണ് നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്നത്. നഗരത്തിന് താങ്ങാവുന്നതിലും നാലിരട്ടി വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് പ്രതിസന്ധിയാകുമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നിയന്ത്രിക്കാൻ ഒരിക്കലും സാധിക്കില്ലെന്നതിനാൽ റോഡുകളുടെയും മറ്റും സൗകര്യങ്ങൾ കൂട്ടുന്നതിനുള്ള നടപടികൾക്കാണ് തുടക്കം കുറിക്കേണ്ടത്.
നിലവിലെ കണക്കനുസരിച്ച് തൃശൂർ നഗരത്തിൽ മാത്രം 5,054 ഓട്ടോറിക്ഷകൾക്കാണ് ടൗണ് പെർമിറ്റ് നൽകിയിരിക്കുന്നതെന്ന് ആർടി ഓഫീസിൽ നിന്ന് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു. എന്നാൽ ഇതിനേക്കാൾ കൂടുതൽ ഓട്ടോകൾ നഗരത്തിൽ ഓടുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന ഓട്ടോറിക്ഷകളും ഇവിടെ സർവീസ് നടത്തുന്നതായി പരാതി ഉയരുന്നുണ്ട്.
എന്നാൽ രേഖകൾ പ്രകാരം ബസ് സർവീസുകളുടെ എണ്ണം കുറയുകയാണ്. നേരത്തെ 1,755 ബസുകൾക്കാണ് പെർമിറ്റുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ മാർച്ച് 31 വരെ 1,627 ബസുകൾക്കാണ് സർവീസ് പെർമിറ്റ് നൽകിയിരിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
സ്വകാര്യ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും കുതിച്ചു ചാട്ടം തൃശൂർ നഗരത്തെ വീർപ്പുമുട്ടിക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് നാറ്റ്പാക്ക് വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിക്കു സമാനമായ ഗതാഗത കുരുക്കിലേക്കാണ് തൃശൂർ നഗരവും നീങ്ങുന്നത്.
സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ ഉൾക്കൊള്ളാൻ മെട്രോ റെയിൽ പദ്ധതിയോ റോഡിനു മുകളിലൂടെയുള്ള മേൽപ്പാല റോഡോ സാധ്യമാക്കിയില്ലെങ്കിൽ അടുത്ത പത്തു വർഷത്തിനുള്ളിൽ ഗതാഗത സംവിധാനം ആകെ തകരുന്ന സാഹചര്യമാകുമെന്നാണ് പോലീസിന്റെയും അഭിപ്രായം.