തൃശൂർ: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചതു നാല്പതുവയസുകാരിക്ക്. ദുബായിൽനിന്നു വന്ന ഭർത്താവിൽനിന്നാണ് ഇവർക്കു രോഗം പകർന്നതെന്നു കണ്ടെത്തി. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവും ഐസൊലേഷൻ വാർഡിലാണ്.
ഇവരുടെ ഏകമകൻ ചാലക്കുടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുൾപ്പെടെ ആറുപേരാണ് അസുഖം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 20,588 ആണ്.
2753 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ 20,541 പേരും ആശുപത്രികളിൽ 47 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെ ഡിസ്ചാർജ് ചെയ്തു.
ഇന്നലെ 25 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതുവരെ 692 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 655 സാന്പിളുകളുടെ ഫലം വന്നിട്ടുണ്ട്.
37 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ശക്തൻ മാർക്കറ്റിൽ ചരക്കുവാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയും ഉൾപ്പെടെ 2175 പേരെ സ്ക്രീൻ ചെയ്തു.
അഗതികളെ പാർപ്പിച്ച കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൈദ്യസഹായവും സ്ക്രീനിംഗും ഏർപ്പെടുത്തി. അതിഥി തൊഴിലാളികൾക്കും ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.