പെരിങ്ങണ്ടൂർ (തൃശൂർ): കിടപ്പുരോഗികൾ വെട്ടിയൊരുക്കിയ നക്ഷത്രങ്ങൾ ചിരിച്ചു. അവർ മെനഞ്ഞെടുത്ത സാന്താക്ലോസ് മുഖങ്ങൾ പൊട്ടിച്ചിരിച്ചു. ആ കൈകൾകൊണ്ടു കെട്ടിയൊരുക്കിയ കൊന്തകൾ പ്രാർഥനാമലരുകളായി.
തൃശൂർ അതിരൂപതയുടെ ജീവകാരുണ്യ സ്ഥാപനമായ പോപ്പ് ജോണ് പോൾ പീസ് ഹോമിലെ അന്തേവാസികൾക്ക് അതൊരു പുണ്യനിമിഷമായിരുന്നു.
അവർ ഏതാനും മാസമായി ഒരുക്കിയ കൊന്തകളും മാലകളും നക്ഷത്രങ്ങളും ആശംസാകാർഡുകളും സാന്താക്ലോസ് മുഖങ്ങളുമെല്ലാം വിറ്റുകിട്ടിയ 15,150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.
മന്ത്രി എ.സി. മൊയ്തീൻ തുക ഏറ്റുവാങ്ങി. മൂന്നുവർഷം മുന്പ് പത്താം ക്ലാസ് പാസായ ജോണി എന്ന കിടപ്പുരോഗിയായ അന്തേവാസിയാണ് പണം കൈമാറിയത്.
കോവിഡ് 19 വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അഗതികളായ കിടപ്പുരോഗികൾ മാസങ്ങളായി നേടിയ സന്പാദ്യമാണ് ഇങ്ങനെ സമ്മാനിച്ചത്.
മുന്നൂറോളം കിടപ്പുരോഗികളാണ് ഇവിടെ കഴിയുന്നത്. പ്രാഥമിക കർമങ്ങൾപോലും ചെയ്യാൻ കഴിയാത്തവർ. തിരിഞ്ഞുകിടക്കാൻപോലും പരസഹായം വേണം. എല്ലാം ചെയ്തുകൊടുക്കുന്നതു നിർമലദാസി സന്യാസിനീസമൂഹത്തിലെ കന്യാസ്ത്രീകളാണ്.
കിടപ്പുരോഗികളിൽ 22 പേർക്കു മാത്രമാണ് കൈകൾകൊണ്ട് എന്തെങ്കിലും ചെയ്യാനും അല്പമെങ്കിലും ബുദ്ധിയോടെ പ്രവർത്തിക്കാനും കഴിയുന്നത്.
ഈ 22 പേർ ഒരുക്കിയ ഇനങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്ഥാപനത്തിന്റെ രക്ഷാധികാരി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദേശമനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.
പോപ്പ് ജോണ് പോൾ പീസ് ഹോമിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, പീസ് ഹോം അസിസ്റ്റന്റ് ഡയറക്ടർ ഫാ. അലക്സ് മരോട്ടിക്കൽ, സിസ്റ്റർ മേഴ്സി പയ്യപ്പിള്ളി, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗണ്സിലർ മധു അന്പലപുരം എന്നിവർ പങ്കെടുത്തു.
ബുദ്ധിപരമായ ഭിന്നശേഷിയുള്ളവരെ പരിശീലിപ്പിക്കുന്ന മേഴ്സി ഹോമിലും മന്ത്രി എ.സി. മൊയ്തീൻ സന്ദർശനം നടത്തി. മേഴ്സി ഹോമിലെ വിദ്യാർഥികൾ തയാറാക്കിയ മാസ്കുകൾ മന്ത്രിക്കു കൈമാറി.
ദുരിതാശ്വാസത്തിന് അതിരൂപതയും ഇടവകകളും സമൂഹ അടുക്കളകളിലേക്ക് ആവശ്യമായ സാധനങ്ങളും അർഹരായ അയ്യായിരത്തിലേറെ കുടുംബങ്ങൾക്കു പലവ്യഞ്ജന കിറ്റുകളും നൽകിയിരുന്നു.