സ്വന്തം ലേഖകൻ
തൃശൂർ: ഓർമയുണ്ടോ ഗഡീ…നാളെയാണ് പൂരത്തിനു കൊടിയേറേണ്ടിയിരുന്നത്…. തൃശൂർക്കാരും ലോകമെന്പാടുമുള്ള പൂരപ്രേമികളും വേദനയോടെ പരസ്പരം പറയുന്നതിതാണ്.
26നു കൊടിയേറ്റമെന്നു പൂരക്കന്പക്കാർ കഴിഞ്ഞവർഷമേ മനസിലുറപ്പിച്ചതാണ്. അതാണ് ഇല്ലാതായിരിക്കുന്നത്. ജനലക്ഷങ്ങൾ സ്വപ്നംകണ്ട പൂരമാണ് കോവിഡ് കാരണം മറ്റ് ഉത്സവങ്ങളും തിരുനാളുകളും പോലെ ഇല്ലാതായത്.
സാധാരണ കൊടിയേറ്റം മുതൽ പൂരംവരെ തൃശൂരിന് ഉറക്കമില്ലാത്ത ആഘോഷ രാപ്പകലുകളായിരുന്നു. ആകെ തിക്കും തിരക്കും. കൊടിയേറ്റത്തിനും ദിവസങ്ങൾക്കു മുൻപേ റൗണ്ടിൽ മണികണ്ഠനാലിലും നടുവിലാലിലും നായ്ക്കനാലിലും നിലപ്പന്തലുകൾ തലയെടുപ്പോടെ ഉയരാൻ തുടങ്ങിയിരിക്കും.
തിരുവന്പാടിയും പാറമേക്കാവും ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളും പുതിയ ചായമടിച്ച് അലങ്കാര വിളക്കുകളാൽ അലങ്കരിച്ച് കൊടിയേറ്റ ദിവസം സ്വിച്ച് ഓണ്‍ ചെയ്യാറുണ്ട്. ഇത്തവണ ഒന്നുമില്ല.
കൊടിയേറ്റം കാണാൻ തിരുവന്പാടിയിലും പാറമേക്കാവിലും ഘടകക്ഷേത്രങ്ങളിലും വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. ഉച്ചതിരിഞ്ഞു തേക്കിൻകാട് മൈതാനത്തു കൊടിയേറുന്ന ചടങ്ങ് കാണാനും ആൾക്കൂട്ടമുണ്ടാകാറുണ്ട്.
ഇക്കുറി കൊടിയേറ്റം പാറമേക്കാവിൽ മാത്രമേയുള്ളു. തിരുവന്പാടി പൂരം കൊടിയേറ്റം വേണ്ടെന്നുവച്ചിരിക്കുകയാണ്. ഘടകക്ഷേത്രങ്ങളിലും പൂരം ചടങ്ങുകൾ മാത്രമേയുണ്ടാകു.
കൊടിയേറിക്കഴിഞ്ഞാൽ പിന്നെ തൃശൂർക്കാർക്ക് പറയാനും ചോദിക്കാനും പരസ്പരം പങ്കിടാനും പൂരവിശേഷങ്ങൾ മാത്രമേയുണ്ടാകാറുള്ളൂ. ഈ പ്രാവശ്യം കോവിഡ് കൊണ്ടുപോയ പൂരത്തെക്കുറിച്ചാണു വർത്തമാനവുംചർച്ചയും.
ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരം നടത്തിപ്പ് അസാധ്യമാവുകയും നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടു ദേവസ്വങ്ങൾതന്നെ പൂരം നടത്തുന്നതിൽനിന്നു പിൻമാറുകയുമായിരുന്നു. പൂരം എക്സിബിഷനും വേണ്ടെന്നുവച്ചു.