സ്വന്തം ലേഖകൻ
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം പഴയ പോലെ പ്രൗഢിയോടെ നടത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് പൂരത്തിന്റെ മുഖ്യസംഘാടകരായ തിരുവന്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായും തൃശൂരിലെ മന്ത്രിമാരുമായും ജില്ല ഭരണകൂടം, ആഭ്യന്തരവകുപ്പ് എന്നിവരുമായും വൈകാതെ ചർച്ചകൾ നടത്തുമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.
മൂന്നു മാസം മാത്രമാണ് പൂരത്തിന് അവശേഷിക്കുന്നതെന്നതിനാൽ വളരെ പെട്ടന്നു തന്നെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാൽ ഈ മാസം അവസാനത്തോടെ തന്നെ ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രി തൃശൂരിലെത്തിയപ്പോൾ തൃശൂർ പൂരം പഴയ പോലെ നടത്തുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ചിരുന്നുവെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
പൂരവും പൂരം എക്സിബിഷനുമടക്കമുള്ള കാര്യങ്ങൾ തടസങ്ങളില്ലാതെ നടത്തുന്നതിന് ആവശ്യമായ ചർച്ചകൾ നടത്തുമെന്ന് ഇരു ദേവസ്വങ്ങളും വ്യക്തമാക്കി.
കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തിൽ പൂരം ക്ഷേത്രചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. ഇത്തവണ സ്ഥിതിഗതികളിൽ അൽപം മാറ്റം വന്നിട്ടുള്ളതിനാൽ പഴയ പോലെ പൂരം നടത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട്, ആൾക്കൂട്ടനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് ജില്ല ഭരണകൂടവും പോലീസുമായും ചർച്ചകൾ നടത്തും.
ശുഭപ്രതീക്ഷയോടെയാണ് കാര്യങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രിയും ജില്ലയിലെ മന്ത്രിമാരും വളരെ പോസിറ്റീവായാണ് തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് പ്രതികരിച്ചിട്ടുളളതെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു.