സ്വന്തം ലേഖകൻ
തൃശൂർ: ഡ്രൈവിംഗ് അറിയാമെങ്കിൽ ഉലകം ചുറ്റാൻ നിങ്ങൾക്കിതാ ഇഷ്ടമുള്ള കാർ. മൂന്നു ദിവസമോ ഒരാഴ്ചയോ കഴിഞ്ഞു വാടക സഹിതം തിരികേക്കൊടുത്താൽ മതി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്കും ഇങ്ങനെ കാർ ലഭിക്കും.
കേരളത്തിൽ നാലു റെയിൽവേ സ്റ്റേഷനുകൾക്ക് അനുവദിച്ച “റെന്റ് എ കാർ’ സംവിധാനം തൃശൂർ റെയിൽവേ സ്റ്റേഷനിലും ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം സൗത്ത്, നോർത്ത്, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലാണ് റെന്റ് എ കാർ സൗകര്യം തുടങ്ങിയത്.
ഓണ്‍ലൈനായി കാർ ബുക്കു ചെയ്യാം. “ഇൻഡസ്ഗോ’ എന്ന കന്പനിയാണ് യാത്രക്കാർക്കു കാറുകൾ ലഭ്യമാക്കുന്നത്. ഏതിനം കാറും ലഭിക്കും. ഒരു ദിവസത്തേക്കോ രണ്ടോ മൂന്നോ ദിവസത്തേക്കോ ഒരാഴ്ചത്തേക്കോ ഒരു മാസത്തേക്കോ ബുക്കു ചെയ്യാവുന്നത്.
ഒരു ദിവസത്തേക്ക് ആയിരം രൂപയോളമാണ് നിരക്ക്. ഒരാഴ്ചത്തേക്ക് ഏഴായിരം രൂപയോളവും. പത്തു ദിവസത്തേക്ക് പതിനായിരം രൂപയോളമാണു നിരക്ക്. വാഹനത്തിന്റെ വലുപ്പവും ആഡംബരവുമനുസരിച്ച് നിരക്ക് കൂടും.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ റെന്റ് എ കാർ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ നടന്നു. എറണാകുളത്തും തൃശൂരിലും ട്രയൽ സർവീസാണ് ആരംഭിച്ചിട്ടുള്ളത്.
ഉദ്ഘാടനം രണ്ടു ദിവസത്തിനകം ഉണ്ടാകും. തൃശൂരിൽ പൂങ്കുന്നത്ത് “ഇൻഡസ്ഗോ’ കാറുകളുടെ യാർഡ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നും കാർ വാടകയ്ക്കെടുക്കാം.
റെയിൽവേ സ്റ്റേഷനിൽ മാത്രമല്ല, കണ്ണൂരിലും തലശേരിയിലും കോഴിക്കോടുമെല്ലാം “ഇൻഡസ്ഗോ’ കാറുകളുണ്ട്. വാഹനം വീട്ടിലോ ഓഫീസിലോ എത്തിച്ചും തരും. യാർഡിൽനിന്നോ റെയിൽവേ സ്റ്റേഷനിൽനിന്നോ കാർ എടുക്കുകയാണെങ്കിൽ നിരക്കു കുറയും.
ഓണ്‍ലൈനിൽ ഇഷ്ടമുള്ളയിനം വാഹനം ബുക്കു ചെയ്യാം. തൃശൂരിൽനിന്ന് വാടകയ്ക്ക് എടുക്കുന്ന വാഹനം തിരുവവനന്തപുരത്ത് മടക്കി നൽകാനും സംവിധാനമുണ്ട്. ടെലിഫോണ്‍ നന്പരിലൂടേയും ബുക്കു ചെയ്യാം. 9539580000.