സ്വന്തം ലേഖകൻ
തൃശൂരിനിപ്പോൾ ചോരയുടെ മണമാണ്. ആയുധങ്ങളാണ് സംസാരിക്കുന്നത്. പച്ച മാംസങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആയുധങ്ങൾ….
പക വീട്ടാനുള്ളതാണെന്ന കാലപ്പഴക്കമേൽക്കാത്ത അപകടകരമായ വാക്യം നെഞ്ചേറ്റി കൊണ്ടും കൊടുത്തും കണക്കുതീർത്തുകൊണ്ടിരിക്കുകയാണ് അവർ.
മുംബൈ അധോലോകത്തുപോലും ഇത്രയും കൊലപാതകങ്ങൾ അടുപ്പിച്ചടുപ്പിച്ചുണ്ടായിട്ടുണ്ടാവില്ല. എട്ടു നാളുകൾക്കുള്ളിൽ തൃശൂരിൽ കൊല്ലപ്പെട്ടത് എട്ടു പേരാണ്.
അതിൽ രാഷ്ട്രീയ കൊലപാതകമുണ്ട്, വ്യക്തിവൈരാഗ്യമുണ്ട്, ഗുണ്ടാ കുടിപ്പകയുണ്ട്… പക്ഷേ ചീറ്റിത്തെറിക്കുന്ന ചോരയ്ക്കെല്ലാം ഒരേ നിറമാണ്…
കയ്യൂക്കുള്ളവൻ ജീവനെടുത്ത് പായുന്പോൾ പിടഞ്ഞുവീഴുന്നവരുടെ നിലവിളികൾ ഒരു പോലെ……
പൂരത്തിന്റെയും ഉത്സവാഘോഷങ്ങളുടെയും സാംസ്കാരിക പാരന്പര്യങ്ങളുടേയും വീന്പുപറച്ചിലുകൾക്ക് മീതെ തൃശൂർ കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും ഇടമായിരിക്കുന്നു….
സനൂപ്
കുന്നംകുളം ചിറമനങ്ങാട് സനൂപ് എന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് വെട്ടേറ്റാണ്. അറസ്റ്റിലായ പ്രതികൾ തങ്ങൾ സനൂപിനെ ഇരുന്പു ദണ്ഡു കൊണ്ട് തലയ്ക്കടിച്ചുവെന്നും വടിവാളുകൊണ്ട് വെട്ടിയെന്നും മൊഴി നൽകിയിട്ടുണ്ട്.
ബിജെപി പ്രവർത്തകരാണ് സനൂപിന്റെ കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിട്ടുണ്ടെങ്കിലും ബിജെപി നേതൃത്വം ഇതിനെ ശക്തിയായി എതിർക്കുന്നു. കേസിൽ മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിലായിട്ടുണ്ട്.
സതീഷ്
ചേലക്കരയ്ക്കടുത്ത് എളനാട് വീടിന്റെ വരാന്തയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സതീഷ് പോക്സോ കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങിയിരിക്കുകയായിരുന്നു.
പരോളിലിറങ്ങി മലപ്പുറത്ത് ജോലിചെയ്യുന്നതിനിടെ തിരിച്ചറിയൽ കാർഡിന്റെ കാര്യത്തിനായി എളനാടെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന ഒരു വധശ്രമക്കേസിലെ പ്രതിയായിരുന്നു സതീഷ്.
അന്ന് സതീഷ് കൊല്ലാൻ ശ്രമിച്ച ശ്രീജിത് എന്നയാളാണ് തരം കിട്ടിയപ്പോൾ സതീഷിനെ വെട്ടിയരിഞ്ഞത്. എളനാടെത്തിയ സതീഷും കൂട്ടരും മദ്യസൽക്കാരം നടത്തിയപ്പോൾ അതിലൊരാളായി പഴയ പകയൊക്കെ മറന്നെന്ന ഭാവത്തിൽ ശ്രീജിത്തുമുണ്ടായിരുന്നു.
സതീഷ് ജയിലിലാകും മുൻപ് ഇടക്കിടെ വന്ന് തന്നെ ഭീഷണിപ്പെടുത്താറുള്ളതും വീടിനു മുന്നിൽനിന്ന് അമ്മയെയും മറ്റും അസഭ്യം പറയാറുള്ളതും ശ്രീജിത്ത് മറന്നിരുന്നില്ല.
ഉള്ളിൽ കനൽ പോലെ പുകഞ്ഞു കിടന്ന പകയുടെ കനൽ ആ മദ്യസൽക്കാരത്തിന്റെ രാത്രി അവസാനിച്ചതോടെ ആളിക്കത്തി. പോലീസ് അന്വേഷണത്തിന് എത്തുന്പോൾ നാട്ടുകാർക്കൊപ്പം ഒന്നുമറിയാത്ത പോലെ നിന്ന് എല്ലാം നോക്കിക്കണ്ടു ശ്രീജിത്ത്.
മദ്യസൽക്കാരത്തിലെ ഗ്ലാസ്മേറ്റ്സിനെ തേടിയുള്ള പോലീസ് അന്വേഷണത്തിൽ ശ്രീജിത്ത് കുടുങ്ങി. യാതൊരു ഭാവഭേദവുമില്ലാതെയാണ് ശ്രീജിത്ത് തെളിവെടുപ്പിനെത്തിയത്.
നിധിൽ
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ അന്തിക്കാട് മുറ്റിച്ചൂർ കൂട്ടാലെ ഉദയൻ മകൻ നിധിലിനെ കാറിൽ മറ്റൊരു കാർ ഇടിപ്പിച്ച ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
സിപിഎം അനുഭാവിയായിരുന്ന താന്ന്യം ആദർശിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു നിധിൽ. മാങ്ങാട്ടുകര വഴിയന്പലത്തുവച്ചാണ് നിധിലിനെ ഗുണ്ടാസംഘം മറ്റൊരു വാഹനത്തിലെത്തി കാറിൽ ഇടിച്ച ശേഷം നിധിലിനെ വലിച്ച് പുറത്തിറക്കി വെട്ടിക്കൊന്നത്.
രാവിലെ 11 മണിയോടെയായിരുന്നു ഈ കൊലപാതകം. കാറിന് പുറത്തേക്ക് വലിച്ചിട്ട് തുരുതുരാ വെട്ടിയാണ് നിധിലിനെ ഗുണ്ടാസംഘം ഇല്ലാതാക്കിയത്.
തങ്ങൾ വന്ന വാഹനം സ്റ്റാർട്ടാകാത്തതിനെ തുടർന്ന് അതുവഴി വന്ന ബൈക്കും വാനും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്താണ് അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.
ശശി
നായയെ വളർത്തുന്നതിലുള്ള തർക്കംപോലും കൊലപാതകത്തിൽ കലാശിച്ചതിന്റെ ഇരയാണ് ഒല്ലൂർ ക്രിസ്റ്റഫർനഗർ വെള്ളപ്പാടി വീട്ടിൽ ശശി എന്ന അറുപതുകാരൻ.
പ്രഭാത സവാരിക്കിടെ തർക്കം തീർക്കാൻ ആയുധവുമായെത്തിയ സഹോദരന്റെ കൊച്ചുമകൻ അക്ഷയ്കുമാർ കണ്ണിൽ ചോരയില്ലാതെ ശശിയെ കുത്തിവീഴ്ത്തുകയായിരുന്നു.
19 വയസേയുള്ളു അക്ഷയ്കുമാറിന്. കൊല നടത്താൻ അക്ഷയ്കുമാറിനെ സഹായിച്ച നാലുപേരും പിടിയിലായി. ഇവരുടെയെല്ലാം പ്രായം 19നും 21നും ഇടയിൽ.
തന്റെ അടുക്കളയോടു ചേർന്ന് അക്ഷയ്കുമാർ നായയെ വളർത്തുന്നതിനെ ശശി ചോദ്യം ചെയ്തിരുന്നു. നായയെ അടുക്കള ഭാഗത്തുനിന്നു മാറ്റണമെന്ന് ശശി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമത്രെ.
ഡോ. സോന
ബിസിനസ് പാർട്ണർ ദന്ത ഡോക്ടറെ ക്ലിനിക്കിൽ കയറി കുത്തിക്കൊലപ്പെടുത്തിയത് കുട്ടനെല്ലൂരിലാണ്. മൂവാറ്റുപുഴ സ്വദേശിനിയായ ഡോ.സോനയാണ് കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ ബിസിനസ് പാർട്ണർ പാവറട്ടി സ്വദേശി മഹേഷിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
ഇരുവരും കുരിയച്ചിറയിലെ ഫൽറ്റിൽ ഒരുമിച്ച് കഴിഞ്ഞുവരികയായിരുന്നു. ഇവർ തമ്മിൽ പല സാന്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. വിവാഹബന്ധം വേർപെടുത്തിയ ഡോ.സോനയിൽ നിന്ന് മഹേഷ് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിരുന്നുവെന്നാണ് പറയുന്നത്.
ക്ലിനിക്കിന്റെ മുഴുവൻ ലാഭവും വൻതുകയും മഹേഷ് ആവശ്യപ്പെട്ടതോടെ സോന മൂവാറ്റുപുഴയിലെ തന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി ഒല്ലൂർ പോലീസിൽ പരാതി നൽകി.
ഇതിനിടെ കാര്യങ്ങൾ സംസാരിച്ച് സെറ്റിൽ ചെയ്യാനെന്നും പറഞ്ഞ് മഹേഷ് ഒരു മധ്യസ്ഥനെയും കൂട്ടി കുട്ടനെല്ലൂരിലെ ക്ലിനിക്കിലെത്തുകയും ചർച്ച പരാജയപ്പെട്ടതോടെ ബന്ധുക്കളും മധ്യസ്ഥനുമെല്ലാം നോക്കിനിൽക്കേ മഹേഷ് ഡോ.സോനയെ കുത്തുകയുമായിരുന്നു.
ചികിത്സയിലിരിക്കെയാണ് സോന മരിച്ചത്. മഹേഷിനെ വൈകാതെ പൂങ്കുന്നത്തെ ഫൽറ്റിൽ നിന്നും പിടികൂടുകയും ചെയ്തു.
റഫീക്ക്
കഞ്ചാവു കേസിലെ പ്രതിയായ റഫീക്കിനെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ തിരുവില്വാമല പട്ടിപ്പറന്പിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുകാരൻ ഫാസിലിന് പരിക്കുമുണ്ട്. തിരുവില്വാമലയിലെ മീൻകടയിൽ ജോലിക്കാരായിരുന്നു ഇരുവരും.
റഫീക്കിനെ അന്വേഷിച്ച് പാലക്കാട് നാർക്കോട്ടിക് സംഘം വീട്ടിലെത്തിയപ്പോഴാണ് റഫീകും ഫാസിലും വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. കഞ്ചാവ് വിൽപന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
രാജേഷ്
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പൊരി ബസാറിൽ വാടകവീട്ടിൽ താമസിച്ചിരുന്ന അഴീക്കോട് കൊട്ടിക്കൽ നടുമുറി രാജേഷിനെ(44) കൊലപ്പെടുത്തിയത് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മേത്തല കാരയിൽ അരുണ്(35) ആയിരുന്നു.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയിലേക്ക് എത്തിയത്. രാജേഷിനെ അരുണ് മർദ്ദിച്ചപ്പോൾ നട്ടെല്ലൊടിഞ്ഞ് ആന്തരിക രക്തസ്രാവമുണ്ടാവുകയും വീടിന്റെ ഹാളിൽ കിടന്ന് രാജേഷ് മരിക്കുകയും ചെയ്തു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
ഷെമീറിന്റെ മരണവും ദുരൂഹം
കഞ്ചാവു കേസിൽ അറസ്റ്റിലായി കസ്റ്റഡി ക്വാറന്റൈനിലിരിക്കെ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി ഷെമീറിന്റെത് മർദ്ദനമേറ്റുള്ള മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ട്.
കാക്കിയണിഞ്ഞവരുടെ ക്രൂരതകളും മൂന്നാംമുറകളുമൊക്കെ ഒരുപാടു കണ്ട കേരളത്തിൽ ഷെമീറിന്റെ മരണം പോലീസിനേയും ജയിൽവകുപ്പിനേയും ഒരു പോലെ വെട്ടിലാക്കിയിട്ടുണ്ട്.
പത്തു കിലോ കഞ്ചാവുമായി പിടിയിലായ ഷെമീറടക്കമുള്ള നാലംഗസംഘത്തിൽ ഷെമീറിന്റെ ഭാര്യയുമുണ്ടായിരുന്നു. എവിടെ വെച്ചാണ് ഷെമീറിന് മർദ്ദനമേറ്റത്, ആരാണ് മർദ്ദിച്ചത് എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാക്കിയാണ്.
പലതും ഒറ്റപ്പെട്ട സംഭവങ്ങൾ: റേഞ്ച് ഡിഐജി സുരേന്ദ്രൻ
ജില്ലയിൽ ഈ ദിവസങ്ങളിൽ ഉണ്ടായ കൊലപാതകങ്ങൾ പലതും ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഗുണ്ടകളുടെ ഇടപെടലുണ്ടായത് രണ്ടു കേസുകളിലാണ്. വീടുകളിൽ ബന്ധുക്കൾക്കിടയിലുള്ള പ്രശ്നങ്ങളെത്തുടർന്നുള്ള പ്രകോപനവും കൊലപാതകവുമാണ് പലതും.
അതിൽ പൊലീസിന് നേരത്തെ കണ്ട് ഇടപെടാനാവില്ല. പക്ഷേ, പ്രതികളെയും അവരുടെ വാഹനങ്ങൾ അടക്കമുള്ളവയും മണിക്കൂറുകൾക്കുള്ളിൽ പിടിക്കുന്നുണ്ട്.
പ്രതികൾക്കു റിമാൻഡ് കാലാവധിയിൽത്തന്നെ ശിക്ഷ ഉറപ്പാക്കാൻ മൂന്നുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൊലപാതകങ്ങൾക്കു പിന്നിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കൂടുതലാണ്.
ജില്ലയിൽ അക്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾറൂം നന്പരായ 9497901657 ൽ അറിയിക്കാവുന്നതാണ്