സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ മ്യൂസിയങ്ങൾ അടുത്ത മാസം നവംബർ മൂന്നിന് തുറക്കാമെന്ന് സർക്കാർ നിർദ്ദേശം വന്നെങ്കിലും തൃശൂർ മൃഗശാലയുടെ അകത്തുള്ള മ്യൂസിയം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
തിരുവനന്തപുരത്തെ മ്യൂസിയം മൃഗശാലയുടെ അടുത്താണെങ്കിലും രണ്ടും രണ്ടായിട്ടാണ് നിൽക്കുന്നത്. എന്നാൽ തൃശൂരിൽ മൃഗശാലയുടെ അകത്താണ് മ്യൂസിയം.
മൃഗശാല തുറക്കാൻ സർക്കാർ അനുമതി ഉത്തരവ് വന്നിട്ടില്ല. ഇന്നോ നാളെയോ ഇതുസംബന്ധിച്ച അനുമതിയും ഉത്തരവും വരുമെന്നാണ് തൃശൂർ മൃഗശാല-മ്യൂസിയം അധികൃതർ പ്രതീക്ഷിക്കുന്നത്.
മ്യൂസിയം വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കടന്നപ്പിള്ളി സുരേന്ദ്രന്റെ ഉത്തരവാണ് മ്യൂസിയങ്ങൾ തുറക്കാനായി ഇപ്പോൾ വന്നിട്ടുള്ളത്. മൃഗശാലകൾ വനംവകുപ്പിന് കീഴിലാണ് വരുന്നത്.
മൃഗശാലകൾ തുറക്കുന്നതിന് വനംവകുപ്പിന്റെയും മന്ത്രി വി.കെ.രാജുവിന്റെയും അനുമതി ഉത്തരവാണ് ആവശ്യമായിരിക്കുന്നത്.
തൃശൂരിൽ മ്യൂസിയവും മൃഗശാലയും ഒരുമിച്ചാണെന്ന കാര്യം അറിയാവുന്നതിനാൽ അധികാരികൾ വ്യക്തമായ ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നാണ് തൃശൂർ മൃഗശാല-മ്യൂസിയം അധികൃതർ കരുതുന്നത്.
ലോക്ഡൗണ് കാലത്ത് അടച്ചുപൂട്ടിയ സംസ്ഥാനത്തെ മൃഗശാലകളും മ്യൂസിയങ്ങളും ഇതുവരെയും തുറന്നിരുന്നില്ല. മ്യൂസിയങ്ങൾക്കൊപ്പം സംരക്ഷിത സ്മാരകങ്ങളും തുറക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടിരുന്നു.
മ്യൂസിയവും മൃഗശാലയും തുറക്കാൻ അനുമതി ലഭിച്ചാൽ പാലിക്കേണ്ട എല്ലാ കോവിഡ് മാനദണ്ഡങ്ങളും സജ്ജീകരണങ്ങളും തൃശൂർ മൃഗശാലയിൽ ഒരുക്കിയിട്ടുണ്ട്.
സന്ദർശകരെ കർശന പരിശോധനകൾക്ക് വിധേയമാക്കും. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ അകത്തേക്ക് കടത്തിവിടുകയുള്ളു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പത്തുവയസിനു താഴെയുള്ളവർ, അറുപതു വയസിനു മുകളിലുള്ളവർ എന്നിവരെ പ്രവേശിപ്പിക്കില്ല.
സർക്കാർ ഉത്തരവ് വന്നാൽ ജില്ല ഭരണകൂടവും പോലീസും ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച ശേഷമായിരിക്കും തൃശൂർ മൃഗശാല തുറക്കുക.
സന്ദർശകർ പ്രവേശിക്കുന്നതിന് മുൻപും ശേഷവും എല്ലാ പ്രവൃത്തി ദിവസങ്ങളിലും മ്യൂസിയം അണുവിമുക്തമാക്കും.
എ.സി പ്രവർത്തിപ്പിക്കരുതെന്നും ക്ലോക്ക് റൂം ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ത്രി ഡി തീയറ്റർ, കുട്ടികളുടെ പാർക്ക് എന്നിവ ഇപ്പോൾ പ്രവർത്തിപ്പിക്കുകയോ തുറന്നുകൊടുക്കുകയോ ചെയ്യേണ്ടെന്നുമാണ് തീരുമാനം.