ൂ
തൃശൂർ: പൂരക്കാഴ്ചകളിലേക്കു വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറക്കുന്നതും ജനലക്ഷങ്ങളുടെ മനസിൽ പൂരം പെയ്തുതീരുന്പോൾ പൂരക്കാഴ്ചകളുടെ ജാലകം അടയ്ക്കുന്നതും ഇത്തവണ കൊച്ചി്ൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന കൊന്പൻ.
പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടന്പേറ്റി വന്ന് വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറന്നു പൂരവിളംബരം നടത്തുന്നത് ഇത്തവണയും എറണാകുളം ശിവകുമാറാണ്.
തുടർന്ന് പൂരം അവസാനിക്കുന്പോൾ പകൽ പൂരത്തിന് പാറമേക്കാവു വിഭാഗത്തിന്റെ തിടന്പേറ്റുന്നതും എറണാകുളം ശിവകുമാറാണ്.
പകൽപ്പൂരം അവസാനിക്കുന്പോൾ പാറമേക്കാവ് ഭഗവതിയുടെ തിടന്പേറ്റി ശ്രീമൂലസ്ഥാനത്ത് എത്തി തിരുവന്പാടി ഭഗവതിയുടെ തിടന്പേറ്റി നിൽക്കുന്ന തിരുവന്പാടി ചന്ദ്രശേഖരനെ നോക്കി തുന്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത് ഇനി അടുത്ത പൂരത്തിന് കാണാമെന്നു പറയുന്ന ഉപചാരം ചൊല്ലൽ ചടങ്ങിനും ഇത്തവണ എറണാകുളം ശിവകുമാറാണ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തള്ളിത്തുറന്നിരുന്ന വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറക്കുന്ന പൂരവിളംബരത്തി നു രാമനു ശേഷം ആര് എന്ന ചോദ്യത്തിനുത്തരമായാണു കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊന്പൻ എറണാകുളം ശിവകുമാർ ശിവപുരിയിലെത്തിയത്. ബോർഡിന്റെ ഗജനിരയിലെ ഉയരമുള്ള കൊന്പനാണ് ശിവകുമാർ.
എറണാകുളം ശിവകുമാർ ആണെങ്കിലും തൃശൂരിലെ ആനക്കന്പക്കാർക്കു ശിവകുമാർ അപരിചിതനല്ല. കൊന്പു മുറിക്കുന്പോഴുണ്ടായ പിഴവു മൂലം കൊന്പിൽ പഴുപ്പു ബാധിച്ച് ഒരു കൊന്പ് മുറിച്ചു കളയേണ്ടി വന്ന വേദനിപ്പിക്കുന്ന ഒരു ഫ്ലാഷ് ബാക്കുണ്ട് ശിവകുമാറിന്.
ഇപ്പോൾ ശിവകുമാറിന്റെ ഒരു കൊന്പ് കൃത്രിമക്കൊന്പാണ്. എന്നാൽ തലയെടുപ്പിന്റെയും ആനച്ചന്തത്തിന്റെയും കാര്യത്തിൽ ശിവകുമാർ എന്നും മുന്നിലാണ്.
ഗുരുവായൂരിൽ നടയിരുത്താൻ കൊടുങ്ങല്ലൂർ സ്വദേശിയായ വ്യവസായ പ്രമുഖൻ കെ.ജി. ഭാസ്കരൻ കോടനാടുനിന്ന് വാങ്ങിയ ശിവകുമാറിനെ ഗുരുവായൂരിലേക്കു നടയിരുത്തുന്നതിനു കുറച്ചു ദിവസം മുൻപ് കൊച്ചിയിൽ നിർത്താൻ ഭാസ്കരൻ നിശ്ചയിച്ചിരുന്നു.
അങ്ങനെ എറണാകുളം ശിവക്ഷേത്ര പരിസരത്ത് അവനെ തളച്ചു. പിന്നീട് ഗുരുവായൂരിലേക്ക് നടയിരുത്താൻ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആനക്കുട്ടി ക്ഷേത്രമതിൽക്കെട്ടുവിട്ട് പുറത്തേക്കിറങ്ങാൻ കൂട്ടാക്കിയില്ല.
എത്രയൊക്കെ ശ്രമിച്ചിട്ടും ശിവകുമാർ ശിവക്ഷേത്രം വിട്ടിറങ്ങാൻ തയാറായില്ല. അങ്ങനെ ഗുരുവായൂർ യാത്ര മുടങ്ങി. ഗുരുവായൂർ ശിവകുമാർ ആകേണ്ടിയിരുന്നവൻ എറണാകുളം ശിവകുമാർ ആയെന്നാണു കഥ.
എറണാകുളത്തപ്പനു പ്രിയപ്പെട്ട ശിവകുമാർ ഇപ്പോൾ തൃശൂർ പൂരത്തിലെ സൂപ്പർതാരമാണ്. തെക്കേഗോപുര നട തുറന്ന് തുന്പിക്കൈ ഉയർത്തി തെക്കേഗോപുരനടയ്ക്കു താഴെ കാത്തുനിൽക്കുന്ന പൂരപ്രേമികളെ ആവേശത്തിലാഴ്ത്താനും ഇനി അടുത്ത വർഷം കാണാമെന്നു പറഞ്ഞ് തുന്പിക്കൈ ഉയർത്തി യാത്ര പറയുന്പോൾ പൂരപ്രേമികളുടെ മനസിൽ നൊന്പരമുണർത്താനും എറണാകുളം ശിവകുമാർ എത്തും.