വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിനെയും ആറ് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയും കാമുകനും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഒല്ലൂക്കര അറയ്ക്ക വീട്ടില്‍ നവാസ്, മകന്‍, ഭര്‍തൃപിതാവ് സിദ്ദിഖ് എന്നിവര്‍ നല്‍കിയ പരാതിയില്‍ പറവൂര്‍ ചെറായി സ്വദേശി പെരേപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍ മകള്‍ അനീഷ, കാമുകന്‍ കട്ടിലപൂവ്വം മാളിയേക്കല്‍ നിവിന്‍ എം. ജോസ് എന്നിവരോടാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടത്.
വിവാഹ സമയത്ത് തനിക്ക് ലഭിച്ച എഴുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കാറും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2016 ഫെബ്രുവരി 14നാണ് യുവതി ഭര്‍തൃപിതാവിനു കത്തെഴുതിവച്ച് വീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. തുടര്‍ന്ന് നിവിനോടൊപ്പമാണ് യുവതി പോയതെന്നു കാണിച്ച് ഭര്‍തൃപിതാവ് മണ്ണുത്തി പോലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതിയെ കോടതിയില്‍ ഹാജരാക്കി സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നോട്ടീസയച്ചു.
പിന്നീട് കുഞ്ഞിനെ തിരികെ കിട്ടുന്നതിനും വിവാഹസമയത്ത് ലഭിച്ച 70 പവന്‍ സ്വര്‍ണാഭരണങ്ങളും കാറും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കുടുംബകോടതിയില്‍ ഹരജി നല്‍കി. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനങ്ങള്‍ സഹിക്കാതെ സുഹൃത്തു മാത്രമായ നിവിന്‍ എം ജോസഫിന്റെ സഹായത്തോടെ ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നുവെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ യുവതി സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം പോവാതെ സുഹൃത്തിനൊപ്പം പോയത് സംശയാസ്പദമാണെന്നും അതിന് തൃപ്തികരമായ വിശദീകരണം നല്‍കാനായില്ലെന്നും കണ്ടെത്തി യുവതിയുടെയും യുവാവിന്റെയും വാദങ്ങള്‍ കോടതി തള്ളി.
യുവതി ഇക്കാലഘട്ടത്തില്‍ മതംമാറി കാമുകനെ വിവാഹം ചെയ്യുകയും അതില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇതെല്ലാം യുവതി കോടതിയില്‍നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു. യുവതിയുടെയും കാമുകന്റെയും പ്രവൃത്തികള്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും അപകീര്‍ത്തികരവും കുഞ്ഞിന് അമ്മയുടെ സ്നേഹവും സാമീപ്യവും ഇല്ലാതാക്കുന്നതിനു തുല്യമാണെന്നും കോടതി വ്യക്തമാക്കി. ഭര്‍തൃമതിയും അമ്മയുമാണെന്ന് അറിഞ്ഞിട്ടും യുവതിക്കൊപ്പം പോയ യുവാവിനു നഷ്ടപരിഹാരം നല്‍കാന്‍ തുല്യ ബാധ്യതയുണ്ടെന്നും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി പറഞ്ഞു.