തൃശൂർ: കൗണ്‍സിലർമാരുടെ പരാതി പ്രളയത്തിൽ മുങ്ങി പ്രത്യേക കോർപറേഷൻ കൗണ്‍സിൽ യോഗം. ഡിവിഷനുകളിലെ പ്രശ്നങ്ങൾ എല്ലാവരും ഉന്നയിച്ചതോടെ സാധാരണ സംഭവിക്കുന്നതു പോലെ പ്രശ്നങ്ങൾ കേട്ട് യോഗം അവസാനിപ്പിച്ചു. ഇതിനിടെ യോഗത്തിൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം പ്രഹസനമാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രത്യേക കൗണ്‍സിൽയോഗം വിളിക്കാൻ ആവശ്യപ്പെട്ടു കത്തു നൽകിയശേഷം അതിൽ ആവശ്യപ്പെട്ട അജൻഡ മാറ്റിവച്ച് മറ്റു വിഷയങ്ങൾ ഉൾക്കൊള്ളിച്ചത് തെറ്റാണെന്ന് കോണ്ഗ്രസിലിലെ എ. പ്രസാദ് വാദിച്ചു. ചട്ടവിരുദ്ധമായാണ് കൗണ്‍സിൽ യോഗം വിളിച്ചതെന്നും കുറ്റപ്പെടുത്തി. കൗണ്‍സിലർമാർ മുൻകൂട്ടി ചോദ്യങ്ങൾ എഴുതി നൽകണമെന്ന നിലപാടിനെയും പ്രസാദ് വിമർശിച്ചു. മേയറുടെയും സെക്രട്ടറിയുടെയും നടപടിക്ക് എതിരേ നിയമനടപടിക്കിറങ്ങുമെന്നും വ്യക്തമാക്കി.
കോണ്‍ഗ്രസിനകത്തെ ഭിന്നത കൗണ്‍സിലിൽ കൊണ്ടുവരികയാണോ എന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി. ഇതിനിടെ ഭരണപക്ഷത്തെ സിപിഎം ഇതര കക്ഷികൾ വിട്ടുനിന്നതും ചർച്ചയായി. പ്രത്യേക യോഗം ആവശ്യപ്പെട്ട് നൽകിയ കത്തിൽ പ്രതിപക്ഷനേതാവ് ഒപ്പിടാതിരുന്നതു വിഷയമാക്കാൻ ഭരണപക്ഷവും മത്സരിച്ചു.
പ്രതിപക്ഷനേതാവ് ഒപ്പിട്ടോ എന്നു ചർച്ച നടത്തേണ്ട കാര്യമില്ലെന്നും 18 കൗണ്‍സിലർമാർ ഒപ്പിട്ടാൽ പ്രത്യേകയോഗം വിളിക്കണമെന്നുമായിരുന്നു എം.കെ. മുകുന്ദന്റെ നിലപാട്. അതിനിടെ ഭരണപക്ഷവുമായി സാധാരണ നിലയ്ക്കുള്ള ചർച്ചകൾ നടത്തിയെന്നു ഉപനേതാവ് ജോണ്‍ഡാനിയൽ സമ്മതിച്ചു. തെരുവുവിളക്കുകൾ കത്താത്തതും മാലിന്യക്കൂന്പാരവും പരസ്യബോർഡുകളുടെ പ്രളയവും കാന കൈയേറ്റവും പലരും ഉന്നയിച്ചു
. ഇക്കാര്യങ്ങളിൽ കൈക്കൊണ്ട നടപടികൾ ഉദ്യോഗസ്ഥരും വിശദീകരിച്ചു. പ്ലാസ്റ്റിക് നിരോധനത്തിനു നടപടിയെടുക്കുകയാണെന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കുടുംബശ്രീ വഴി മാലിന്യങ്ങൾ നീക്കുന്നതും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതു സംബന്ധിച്ചും കൗണ്‍സിലർമാർ വിശദീകരണം തേടി.
പ്ലാസ്റ്റിക് മാലിന്യം നീക്കാൻ വീടുകളിലേക്ക് ചാക്കുകൾ നൽകിയതിന്റെ ദുരനുഭവവും പലരും പങ്കിട്ടു. മാലിന്യം തിരികെ ശേഖരിക്കാൻ കഴിയുന്നില്ലെന്നായിരുന്നു പരാതി. ഇതിനു ആവശ്യമായ കുടുംബശ്രീ പ്രവർത്തകരെ സജ്ജമാക്കാൻ യോഗം തീരുമാനിച്ചു.