പ്രളയത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞ കേരളത്തില്‍ വന്ന് ശബരിമല കയറാന്‍ ഒരുങ്ങുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങള്‍ കേട്ട് സംസ്ഥാന സര്‍ക്കാരിന് ഞെട്ടല്‍. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് തൃപ്തി ദേശായിക്ക് പിന്തുണ നല്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിലായ അവസ്ഥയിലാണ്. താന്‍ കേരളത്തില്‍ എത്തുന്നതിനും അതിനുശേഷവുമുള്ള ചെലവുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് തൃപ്തിയുടെ ആവശ്യം.
ഈ മാസം പതിനേഴിന് രാവിലെ താന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി പറയുന്നു. ശബരിമലയിലേക്ക് വരുന്ന തന്റെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം വേണമെന്നും കത്തില്‍ പറയുന്നു.
കോട്ടയത്ത് എത്തിയാല്‍ താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, സുരക്ഷ എന്നിവയും തൃപ്തി ദേശായി ആവശ്യപ്പെടുന്നു. ശബരിമലയിലെത്തും എന്ന് പ്രഖ്യാപിച്ചത് മുതല്‍ തനിക്ക് നേരെ വലിയ ഭീഷണികളാണ് ഉയരുന്നതെന്ന് തൃപ്തി ദേശായി പറയുന്നു. സോഷ്യല്‍ മീഡിയ വഴി മൂവായിരത്തോളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും തൃപ്തി ദേശായി വെളിപ്പെടുത്തുന്നു.
അതേസമയം മണ്ഡല-മകരവിളക്ക് തീര്‍ഥാനടത്തിന്റെ ഭാഗമായി 5,200 പോലീസുകാരെയാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ വിന്യസിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു ശേഷം കഴിഞ്ഞ രണ്ട് തവണയും ശബരിമലയില്‍ നടതുറന്നപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പോലീസ് വിന്യാസം.
കഴിഞ്ഞ രണ്ട് തവണയും ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങളാണ് അരങ്ങേറിയത്. നിലവിലെ സാഹചര്യത്തില്‍ പമ്പയിലും സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാര്‍ക്കാണ്. വിജയ് സാക്കറെക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്പിമാര് വീതുവുമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക.
നാല് ഘട്ടങ്ങളായാണ് പോലീസ് വിന്യാസം. വനിതാ പോലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. 50 വയസിന് മുകളില്‍ പ്രായമുള്ള പോലീസുകാര്‍ക്ക് പുറമേ വനിത ബറ്റാലിയനിലുള്ളവരേയും പമ്പയിലെത്തിക്കും. ഇതിന് പുറമേ കേരള പോലീസിന്റെ കമാണ്ടോകളും കേന്ദ്ര ദ്രുതകര്‍മ്മ സേനയും ദുരന്ത നിവാരണ സേനയും ശബിരമലിയല്‍ ഉണ്ടാകും.