കോട്ടയം: കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താവായി നിയമിച്ചതു മരവിപ്പിച്ചതിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ രാജി ഭീഷണി.
കൂട്ടത്തോടെ രാജിവയ്ക്കുമെന്നു പറഞ്ഞതിനെത്തുടർന്നാണ് നിയമനം തത്കാലം മരവിപ്പിച്ചതെന്നാണ് അറിയുന്നത്.പ്രതിഷേധങ്ങളെത്തുടർന്ന് തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെയടക്കം അഞ്ചുപേരുടെ നിയമനം മരവിപ്പിച്ചു.
അർജുൻ രാധാകൃഷ്ണൻ, ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താക്കളായി നിയമിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ, സെക്രട്ടറി കെ.എസ്.ശബരിനാഥ് അടക്കമുള്ള നേതാക്കൾ രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നിയമന ഉത്തരവ് മരവിപ്പിച്ചത്.
വൈകുന്നേരമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വക്താക്കളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഉത്തരവ് വന്നതു മുതൽ യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം ഉയർന്നു വന്നിരുന്നു.