ന്യൂഡൽഹി: നമ്മളെ പോലെ കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്.
ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദാർശനികമായി ചിന്തിക്കുന്പോൾ കൊറോണ വൈറസും നമ്മളെ പോലെ ഒരു ജീവിയാണ്.
അതിനാൽ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മൾ മനുഷ്യർ ഏറ്റവും ബുദ്ധിമാൻമാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
അതേ സമയം തന്നെ വൈറസ് നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുകയും ചെയ്യുന്നു- ഇതായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന.
സംഭവം വിവാദമായതോടെ ത്രിവേന്ദ്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമാണ്. കേന്ദ്രസർക്കാർ പുതുതായി നിർമിക്കുന്ന സെൻട്രൽ വിസ്തയിൽ കൊറോണയ്ക്ക് അഭയം നൽകണമെന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.