നാദാപുരം: ജില്ലാ മത്സരത്തിൽ പങ്കെടുക്കാത്തയാളെ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിച്ചതായി ആക്ഷേപം. എറണാകുളത്ത് കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന ത്രോ ബോൾ മത്സരത്തിൽ പങ്കെടുത്ത മലബാറിലെ ഒരു ടീമിനെക്കുറിച്ചാണ് പരാതി.
പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച ടീമിനെപ്പറ്റിയാണ് പരാതി. രണ്ടാഴ്ച മുമ്പ് നടന്ന ജില്ലാതല ടൂർണമെന്റിൽ പന്ത്രണ്ടോളം ടീമുകളാണ് മത്സരിച്ചത്. അതിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ ടീമിൽ നിന്ന് ഒൻപത് പേർക്ക് സെലക്ഷൻ കിട്ടിയിരുന്നു. എന്നാൽ അവരിൽ നിന്ന് ഒരാളെ തഴഞ്ഞ് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാത്ത മറ്റൊരാളെ സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാത്തവരെ ഉയർന്ന തലത്തിലേക്ക് തെരഞ്ഞെടുക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് ഗ്രൗണ്ടിലിറങ്ങി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ ഒരു കുട്ടിയെ മാത്രം ഒഴിവാക്കി മത്സരിക്കാത്തയാളെ സംസ്ഥാന മത്സരത്തിനയച്ചത്. ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ കീഴിൽ നടത്തിയ ടീം സെലക്ഷനിലാണ് അർഹതയില്ലാത്ത കുട്ടിയെ മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നാണ് ആക്ഷേപം.
ഇക്കൊല്ലം പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തഴഞ്ഞാണ് അർഹതയില്ലാത്ത കുട്ടിയെ സംസ്ഥാന മത്സരത്തിനയച്ചത്. ഇതിനെതിരെ സംസ്ഥാന ത്രോ ബോൾ അസോസിയേഷനും സ്പോർട്സ് കൗൺസിലിനും പരാതി നൽകാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ.