പെരിന്തൽമണ്ണ: പെരിന്തൽണ്ണ പട്ടാന്പി റോഡിലെ പെട്രോൾ പന്പിനു സമീപത്തെ വീട്ടിലെ 30 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണ സ്ത്രീയെയും ഇവരെ രക്ഷിക്കാൻ ഇറങ്ങി കുടങ്ങിയ യുവാവിനെയും ഫയർഫോഴ്സും പോലീസും ചേർന്നു രക്ഷപ്പെടുത്തി. ആമിന (52) ആണ് കിണറ്റിൽ വീണത്.
ഇവരെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ജനീഷ് (30). ഇരുവരും കിണറ്റിൽ അകപ്പെട്ടതോടെ പെരിന്തൽമണ്ണ ഫയർഫോഴ്സ് എത്തിയാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. ഇന്നലെ പുലർച്ചെ അബദ്ധത്തിൽ കിണറ്റിൽ വീണ ആമിനയെ രക്ഷിക്കുവാൻ ബന്ധുകൂടിയായ ജനീഷ് കിണറ്റിലിറങ്ങി ആമിനയെ താങ്ങി പിടിച്ചുനിൽക്കുകയായിരുന്നു.
12 അടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽ സ്ത്രീയെ താങ്ങി നിറുത്തിയ യുവാവ് അവശനായി. തുടർന്നു ഫയർഫോഴ്സെത്തി കയറും വലയും ഉപയോഗിച്ച് ഇരുവരെയും രക്ഷിക്കുകയായിരുന്നു.
ഫയർമാൻമാരായ മുഹമ്മദ്അലി, രമേശ് എന്നിവരാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. ലീഡിംഗ് ഫയർമാൻ വിമലിന്റെ നേതൃത്വത്തിൽ ഫയർമാൻ സുജിത്ത്, ഫയർമാൻ ഡ്രൈവർ രാജീവൻ, ഹോംഗാർഡ് മുരളി എന്നിവരും ഈ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. അപകടത്തിൽ പെട്ട സ്്ത്രീയെ കണ്ട്രോൾ റൂം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. കണ്ട്രോൾ റൂമിലെ എഎസ്ഐ കുഞ്ഞൻ, എസ്സിപിഒ വിദ്യാധരൻ, സിപിഒ സുധീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.