“”ഞാൻ ഇപ്പോഴും ജീവനോടെയുണ്ടല്ലേ…” അമേരിക്കയിലെ കാൻസസിലുള്ള സേവ്യർ കണ്ണിംഗാം എന്ന പത്തു വയസുകാരൻ തന്റെ ദേഹത്ത് പലകുറി സ്പർശിച്ചും നുള്ളിനോക്കിയുമൊക്കെയാണ് തനിക്ക് ജീവനുണ്ടെന്നുറപ്പിക്കുന്നത്. സേവ്യർ നേരിട്ട അപകടത്തിന്റെ ആഴമറിഞ്ഞാൽ ആർക്കായാലും അതേ സംശയംതോന്നിപ്പോകും… അത്രമാത്രം അവിശ്വസനീയമായ രക്ഷപ്പെടലിലൂടെയാണ് സേവ്യറിന് ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന ആ സംഭവം ഇങ്ങനെ
കൂട്ടുകാരോടൊത്തു കളിക്കുന്നതിനിടെയാണ് ഏറുമാടത്തിലേക്കുള്ള ഗോവണിയിൽനിന്നു സേവ്യർ താഴേക്കു വീഴുന്നത്. അറ്റം കൂർത്ത കന്പിയിലേക്കായിരുന്നു ആ വീഴ്ച. സേവ്യറിന്റെ കവിളിലൂടെ കയറിയ കന്പി തലയോട് തകർത്ത് ആഴത്തിൽ തറഞ്ഞു. എങ്കിലും സേവ്യറിന് എഴുന്നേൽക്കാനായി. മുഖത്ത് തറഞ്ഞ കന്പിയുമായി അവൻ വീട്ടിലേക്കോടി. അമ്മ ഗബ്രിയേൽ മില്ലർ, ഒരു നിമിഷംപോലും പാഴാക്കാതെ സേവ്യറുമായി ആശുപത്രിയിലേക്ക് കുതിച്ചു.
എന്നാൽ, മികച്ച സർജന്മാരില്ലാത്തതിനാൽ അദ്യമെത്തിയ രണ്ട് ആശുപത്രികളിലും സേവ്യറിനു ചികിത്സ ലഭിച്ചില്ല. ഒടുവിൽ കാൻസസിലെ യൂണിവേഴ്സിറ്റി ആശുപത്രിയാണ് അവർക്ക് അഭയമായത്. തുടർന്ന് എക്സ് റേ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ… സേവ്യറിന്റെ അമ്മയുടേയും സുഹൃത്തുകളുടേയും പ്രാർഥനകൾ… മണിക്കൂറുകൾക്കുശേഷം ആശങ്കനിറഞ്ഞ കാത്തിരിപ്പിനു വിരാമമിട്ട് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ചീഫ് ന്യൂറോസർജൻ കോജി എബർസോളിന്റെ വാക്കുകൾ… “”പേടിക്കാനില്ല. സേവ്യറിനെ രക്ഷപ്പെടുത്താനാവും.”
15 സെന്റിമീറ്റർ ആഴത്തിൽ തറഞ്ഞ കന്പി സേവ്യറിന്റെ തലച്ചോറിലോ കണ്ണുകളിലോ സുഷുമ്ന നാഡിയിലോ ക്ഷതമേൽപ്പിക്കാതിരുന്നതാണ് രക്ഷയായത്. സംഭവം അത്യന്തം അവിശ്വസനീയമാണെന്നും മുഖത്ത് 15 സെന്റിമീറ്റർ ആഴത്തിൽ തറഞ്ഞ കന്പി, കണ്ണ്, തലച്ചോറ് തുടങ്ങിയ പ്രധാന അവയവങ്ങളിൽ ഒരു പോറലുപോലുമേൽപ്പിക്കാതെ കടന്നുപോയി എന്നത് പത്തുലക്ഷത്തിൽ ഒന്നിൽമാത്രം സംഭവിക്കുന്നതാണെന്നും ഡോ. കോജി എബർസോൾ പറഞ്ഞു.
100 മെഡിക്കൽ വിദഗ്ധർ അടങ്ങിയ സംഘമാണ് സേവ്യറിന്റെ മുഖത്ത് തുളഞ്ഞുകയറിയ കന്പി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കന്പി നീക്കം ചെയ്യും വരെ, ഒരു രാത്രി മുഴുവൻ ക്ഷമയോടെ അത്യന്തം ശാന്തനായി കാത്തിരുന്ന സേവ്യർ പ്രത്യക അഭിനന്ദനമർഹിക്കുന്നുണ്ടെന്നും ഒട്ടും ആശങ്കയില്ലാതെ, വ്യക്തമായ പദ്ധതിയോടെ സർജറിക്കൊരുങ്ങാൻ തങ്ങൾക്കു സാധിച്ചത് സേവ്യറിന്റെ സഹകരണം ഒന്നുകൊണ്ടുമാത്രമാണെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.