ന്യൂഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിയായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാർച്ച് ഒന്ന് അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.
1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ കാന്ത പാണ്ഡെ നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ്. മുൻപ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപ്പനയിലൂടെ (ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു.
സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയിൽനിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നീ നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ പടിയിറക്കം. അതേസമയം, അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് മാധബി വിവാദത്തിലായിരുന്നു.