സി.അനിൽകുമാർ
പാലക്കാട്: പ്രളയത്തിലും നെല്ലു സംഭരണത്തിലെ പാളിച്ചകളിലും തകർന്നടിഞ്ഞ പാലക്കാടൻ വയലേലകളിൽ ശേഷിക്കുന്നത് അതിജീവനത്തിന്റെ ഒരു വേറിട്ട കാഴ്ചമാത്രം. പ്രകൃതിയുടെ നെയ്്ത്തുകാരായ തൂക്കണാംകുരുവികളുടെ കൂട്ടവും കൂടുകളും. വയലേലകളിൽ അതിരിട്ട കരിന്പനക്കൂട്ടങ്ങളിലാണ് ആരെയും വിസ്മയിപ്പിക്കുന്ന തൂക്കണാംകുരുവികളുടെ കൂടുകളുള്ളത്.
കേരളത്തെ പിടിച്ചുകുലുക്കിയ പെരുമഴയിലും സുരക്ഷിതത്വവും മനോഹാരിതയും ചാലിച്ച് ഇവയൊരുക്കിയ കൂടുകൾ ഇപ്പോഴും സജീവമാണ്. പെരുവെന്പ്, കൊടുവായൂർ, ആലത്തൂർ, വടക്കഞ്ചേരി മേഖലകളിൽ ഈ ചെറുപക്ഷികളുടെ നിറയെ കൂടുകൾ കാണാം.കൂടൊരുക്കാൻ മുറതെറ്റാതെ ഇത്തവണയും വയലുകളിലെത്തിയ ഇക്കൂട്ടർ സുരക്ഷിതമായി പ്രജനനം നിർവഹിച്ച് കുഞ്ഞുങ്ങളുമായി ഉല്ലസിക്കുകയാണ്. ചിലതെല്ലാം വയലൊഴിഞ്ഞുംതുടങ്ങി.
നെൽകൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പക്ഷിയാണ് തൂക്കണാംകുരുവികൾ. ഞാറ് വളർന്നുതുടങ്ങുന്പോൾ ഇവ കൃഷിയിടത്തിലെത്തും. പനയോല കീറിയെടുത്ത നാരുകൾകൊണ്ട് വയൽക്കരയിലെ കരിന്പനകളിൽ കൂട് നെയ്തെടുക്കും. ആണ്കിളികളാണ് കൂടുപണി തുടങ്ങുക. പകുതിയാകുന്പോൾ പെണ്കിളികളും ഒപ്പം കൂടും. മുട്ടയിട്ട് അടയിരിക്കാനുള്ള -അറ- നെല്ലോലനാരുകൊണ്ട് നെയ്തുണ്ടാക്കുകയാണെന്നു പക്ഷിനിരീക്ഷകർ പറയുന്നു. കൂട് പൂർണമാകുന്നതിനു മുന്പുതന്നെ പെണ്കിളി മുട്ടയിട്ട് അടയിരുന്നു തുടങ്ങും.
ഒറ്റ അറയുള്ള കൂടുകളാണ് സാധാരണ കാണുക. രണ്ടു മൂന്നും അറകളുള്ള കൂടുകളും അപൂർവമായി കാണാറുണ്ട്. എന്നാൽ ഏറ്റവും താഴെയുള്ള അറയിൽ മാത്രമാണ് മുട്ടയിട്ട് അടയിരിക്കുക എന്ന പ്രത്യേകതയുമുണ്ട്. മുകളിലെ അറയിലേക്കുള്ള വഴി അടച്ച നിലയിലാണുണ്ടാവുക. കൂട്ടിൽ ഇരപിടിയൻ പക്ഷികൾ കടന്നെത്താത്തവിധം സുരക്ഷിതമാണിത്.
കൂടാതെ ഏതു പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കാൻ പ്രാപ്തവുമാണ്. പെരുമഴയ്ക്കുശേഷവും ഭദ്രമായിരിക്കുന്ന കൂടുകൾ ഇതിന്റെ നേർസാക്ഷ്യം. പണ്ട് പാലക്കാടിന്റെ വയലോരങ്ങളിലും പരിസരങ്ങളിലും നിറഞ്ഞുനിന്ന പനകൾ നിറച്ച് കൂടുകളായിരുന്നു. ഇന്നു പനകളും കുറഞ്ഞു. ഉള്ളതിൽ ഒറ്റപ്പെട്ട കൂടുകൾ മാത്രമാണുള്ളത്.
വർഷങ്ങൾ കഴിയുന്തോറും കൂടുകളുടെ എണ്ണം കുറഞ്ഞുവരുകയാണ്. നെല്ല് ഇതിന്റെ ആഹാരത്തിൽപെടുമെങ്കിലും കുഞ്ഞുങ്ങൾക്കു കൊടുക്കുന്നതു പ്രധാനമായും കീടങ്ങളാണ്. അങ്ങനെ നെൽവയലിലെ കീടനിയന്ത്രണത്തിൽ പ്രധാന പങ്കുവഹിക്കുന്ന പക്ഷികൂടിയാണിത്.
കുരിയാറ്റ, ആറ്റക്കുരുവി, നെയ്ത്തുകാരൻ എന്നീ പേരുകൾകൂടി ഇതിനുണ്ട്. പ്ലോസിഡെ കുടുംബത്തിൽപെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് ബായ വീവർ (Baya Weaver) എന്നാണ്. ഇതേ കുടുംബത്തിൽപ്പെടുന്ന കായലാറ്റ (Streaked Weaver) എന്നൊരു പക്ഷികൂടി കേരളത്തിലുണ്ട്.
വളരെ അപൂർവമായി മാത്രമാണ് കായലാറ്റയെ പാലക്കാട് ജില്ലയിൽ കാണുന്നതെന്നു പക്ഷിനിരീക്ഷകനായ കണ്ണൂർ സ്വദേശി ശശിധരൻ മനേക്കര പറയുന്നു. പാലക്കാടൻ നെൽകൃഷിയുടെയും അന്യമാകുന്ന കരിന്പനകളുടെയും നിശബ്ദ സാക്ഷികൾകൂടിയാണ് പാവം തൂക്കണാംകിളികൾ.