ഒറ്റപ്പാലം: രണ്ടു ജില്ലക്കാരുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ജനകീയാവശ്യത്തിന് വീണ്ടും ചിറക് മുളക്കുന്നു. ഭാരതപുഴക്ക് കുറുകെ ഒറ്റപ്പാലത്തെ എറക്കോട്ടിരിക്കടവിനെയും തൃശൂരിലെ നെയ്ത്ത് ഗ്രാമമായ കുത്താന്പുള്ളിയെയും ബന്ധിപ്പിച്ച് തൂക്കുപാലം എന്ന ജനകീയാവശ്യത്തിനാണ് വീണ്ടും പ്രതീക്ഷയാവുന്നത്.
നടപ്പാക്കാൻ കടന്പകളേറെയുണ്ടെങ്കിലും ഇരുപ്രദേശത്തെയും യാത്രാ സൗകര്യത്തിന് പുറമേ ഇതിൽ വിനോദസഞ്ചാര സാധ്യതകൂടി പരിഗണിച്ച് പദ്ധതി നടപ്പാക്കാനാകുമോയെന്നാണ് ഇപ്പോൾ സർക്കാർ പരിശോധിക്കുന്നത്.
ഇതാണ് വീണ്ടും പ്രതീക്ഷക്ക് വകനൽകുന്നത്. കഴിഞ്ഞദിവസം നടന്ന നിയമസഭാസമ്മേളനത്തിലും വിഷയം ചർച്ചയായിരുന്നു.കുത്താന്പുള്ളി നെയ്ത്ത് ഗ്രാമത്തിൽ നിന്ന് വസ്ത്രങ്ങൾ മറ്റുസ്ഥലങ്ങളിലേക്കെത്തിക്കാൻ എറക്കോട്ടിരിക്കടവിനെയാണ് നെയ്ത്തുകാർ മുന്പ് ആശ്രയിച്ചിരുന്നത്.
ഇത് പുനഃസ്ഥാപിക്കാനും തിരുവില്വാമല ചുറ്റി ഇരുസ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാനുമായാണ് പാലമെന്ന ആവശ്യമുയർന്നത്.2019ൽ എറക്കോട്ടിരി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യവുമായി സ്ഥലം എംഎൽഎയെ സമീപിക്കയും ചർച്ച നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം കെ.പ്രേംകുമാർ എംഎൽഎ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. ഒപ്പം ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ.രാധാകൃഷ്ണനും ഇതേ ആവശ്യം വകുപ്പ് മന്ത്രിയെ അറിയിച്ചിരുന്നു.
തൂക്കുപാലംവന്നാൽ നെയ്ത്തുഗ്രാമവുമായി ബന്ധിപ്പിച്ച് വിനോദസഞ്ചാര സാധ്യതകൂടിയുണ്ടെന്ന് ഇതിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുകയുമുണ്ടായി.
എന്നാൽ, പൊതുമരാമത്ത് വകുപ്പ് നടപ്പാലമാണ് നിർമിക്കാറുള്ളത്. തൂക്കുപാലത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കാനായാൽ കാലക്രമേണ വിനോദസഞ്ചാര മേഖലയാക്കാനാകുമെന്നും സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നടപ്പാക്കാമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ജനകീയ ആവശ്യം പ്രാബല്യത്തിൽ വന്നാൽ തൃശ്ശൂർ,പാലക്കാട് ജില്ലകൾക്ക് വലിയ മുതൽക്കൂട്ടാകും. ചുറ്റിവളഞ്ഞുള്ള യാത്ര പ്രശ്നങ്ങൾക്കും ഇത് പരിഹാരമാർഗ്ഗമാവും.