തിരുവനന്തപുരം: തുലാവർഷത്തോടൊപ്പം ചക്രവാത ച്ചുഴിയും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്.
ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ഒമ്പതോടെ ഒരു ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ചക്രവാത ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യുന മര്‍ദ്ദ പാത്തിയുമുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്.
അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.