നെന്മാറ: മഴ സഹായിച്ചതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തിയതിനാൽ നടീൽ സജീവമായി. നെന്മാറ,അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽനടത്തുന്നത്.
കഴിഞ്ഞ ദിവസം ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽതുടങ്ങിയത്. കോവിഡ് കാലമായതോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണ നാട്ടിലെ സ്ത്രീ തൊഴിലാളികളാണ് നടീൽ നടത്തുന്നത്.
കഴിഞ്ഞ ഒന്നാം വിള കൃഷിപണിക്കും അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമം മൂലം കർഷകർ ഏറെ വലഞ്ഞിരുന്നു. അതിനു മുന്പായി ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്.
അയിലൂർ, കയ്പഞ്ചേരി, കണ്ണിയമംഗലം, തിരുവഴിയാട് പാടശേഖരത്തിൽ കഴിഞ്ഞ ദിവസങ്ങളായി തൊഴിലുറപ്പു തൊഴിലാളികൾ പാടശേഖരങ്ങളിലെ വരന്പുപണികൾ നടത്തുന്നത് കർഷകർക്ക് അശ്വാസമായി.
24 ദിവസം മൂപ്പെത്തിയ പൊൻമണിയെന്നയിനം നെൽച്ചെടികളാണു നടുന്നതെന്നു ഇടിയംപ്പൊറ്റ മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. ചില ഭാഗങ്ങളിൽ കർഷകർ നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കുന്ന പണികളും തകൃതിയിൽ നടക്കുന്നുണ്ട്.
പോത്തുണ്ടി വെള്ളം എത്തുന്നതിനു മുന്പായി നടീൽ പണികൾ പൂർത്തിയാക്കി ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ്.വാലറ്റ പ്രദേശങ്ങളായ അയിലൂർ, പാലമുക്ക് പാടശേഖരങ്ങളിൽ
പോത്തുണ്ടി വെള്ളം അവസാന ഘട്ടങ്ങളിൽ വിളകൾക്ക് കിട്ടില്ലെന്ന ആശങ്കയിലാണ് ഇത്തവണ നടീൽ പണികൾ മുന്നേ തുടങ്ങിയതെന്നും കർഷകർ പറയുന്നു. പാടശേഖരങ്ങളിൽ കള ശല്യം കുറയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.